

റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാല്‍ കടിക്കണമെന്ന് പറഞ്ഞ്; ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടവും; പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പൊക്കിയത് തെങ്കാശിയിലെ കോളനിയില്‍ ഒളിവില്‍ കഴിയവേ
കോട്ടയം: ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവു കച്ചവടം നടത്തിവന്ന പ്രതി റോബിൻ ജോര്‍ജ്ജ് പിടിയില്‍.
പൊലീസ് റെയ്ഡിന് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു മുങ്ങിയ പ്രതിയെ പൊലീസ് പൊക്കിയത് തമിഴ്നാട്ടില്‍ നിന്നുമാണ്. തെങ്കാശിയിലെ ഒരു കോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന റോബിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജില്ല പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാല്‍, റെയ്ഡിനിടെ റോബിൻ ജോര്‍ജ് കടന്നുകളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊലീസ് സാഹസികമായാണ് കഞ്ചാവ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇയാള്‍ നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ഡെല്‍റ്റ കെ ഒൻപത് എന്ന പേരില്‍ ഡോഗ് ഹോസ്റ്റലും നടത്തിവരുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പൊലീസ് സംഘം പരിശോധനക്കായി റോബിന്റെ വീട് വളഞ്ഞത്. ഇത് മനസ്സിലാക്കിയ റോബിൻ മുന്തിയ ഇനത്തില്‍പെട്ട 13ഓളം നായ്ക്കളെ പൊലീസിനെ ആക്രമിക്കുന്നതിനായി അഴിച്ചുവിട്ട് മതില് ചാടി പിന്നിലെ പാടം വഴി കടന്നുകളഞ്ഞു.
തുടര്‍ന്ന് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡോഗ് സ്ക്വാഡിലെ നാര്‍കോട്ടിക് സ്നിഫര്‍ ഡോഗ് ഡോണിന്റെ സഹായത്തോടെ നായ്ക്കളെ കൂട്ടിലടച്ചു. വീടിനകത്തുണ്ടായിരുന്ന അമേരിക്കൻ ബുള്ളി ഇനത്തില്‍പെട്ട രണ്ടു നായ്ക്കളെ മുറിയിലടച്ചിട്ട ശേഷമാണ് പരിശോധന നടത്താനായത്.
കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലും മുറിക്കുള്ളില്‍ രണ്ട് ട്രാവല്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കഞ്ചാവ്. കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതി റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാല്‍ കടിക്കണമെന്ന് പറഞ്ഞാണ്. ബി.എസ്.എഫില്‍ നിന്ന് വിരമിച്ച ആളുടെ അടുത്തുനിന്നാണ് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കാൻ പഠിച്ചത്. മൂന്നുമാസത്തോളം അവിടെയുണ്ടായിരുന്നു. കാക്കിയിട്ടവരെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നതെങ്ങനെ എന്നതരത്തില്‍ ചോദിച്ചതിനെ തുടര്‍ന്ന് പരിശീലന സ്ഥലത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇയാളും സഹായിയും കാക്കി കൈയില്‍ ചുറ്റിയും മറ്റും ആക്രമിക്കാൻ നായ്ക്ക് പരിശീലനം നല്‍കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]