
കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വിവിധയിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 22 സ്ഥാപനങ്ങൾക്കായി 2,52,000 രൂപ പിഴ ചുമത്തി. കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ, തലയോലപ്പറമ്പ്, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും, മലിനജലം ജലസ്രോതസുകളിലേക്ക് ഒഴുക്കിവിടൽ എന്നിവയാണ് പരിശോധിച്ചത്. 62 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 212 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. ഒൻപത് സ്ഥലത്ത് ജലസ്രോതസുകളിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി. തദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശമനുസരിച്ച് അസിസ്റ്റന്റ് ഡയറക്ടർമാർ, ഇന്റേണൽ വിജിലൻസ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്.
മാലിന്യപരിപാലന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ നഗരസഭ/ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]