
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാനാണ് സാധ്യത. ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഒന്‍പത് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
നിലവില്‍ വടക്കൻ കർണ്ണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുകയാണ്. ഇവയ്ക്ക് പുറമെ വടക്കൻ മധ്യപ്രദേശിന് മുകളിലും മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് – കിഴക്കൻ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടർന്ന് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനുള്ള സാധ്യതയാണ് ഇപ്പോള്‍ പ്രവചിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നാം തീയ്യതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Sep 28, 2023, 5:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]