
കോഴിക്കോട് ∙
ചുരത്തിലെ മണ്ണിടിച്ചിലും മേഖലയിൽ തുടരുന്ന നിയന്ത്രണങ്ങളും ഓണത്തിന് വയനാട്ടിലെ വിനോദസഞ്ചാര ബുക്കിങ്ങുകളെ നേരിയ തോതിൽ ബാധിച്ചു. വെള്ളിയാഴ്ച ഓണാവധിക്കു തുടക്കമായതോടെ, വയനാടിന്റെ സമീപജില്ലകളിൽ നിന്നും മറ്റും ആരംഭിക്കേണ്ട
വിനോദസഞ്ചാരികളുടെ ഒഴുക്കിനെയാണ് ഇടവിട്ടു പെയ്യുന്ന മഴയും ചുരത്തിലെ നിയന്ത്രണങ്ങളും വട്ടം ചുറ്റിച്ചത്.
വരുംദിനങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും ചുരം റോഡിൽ ഇടത്തരം വാഹനങ്ങൾക്ക് അനുവദിച്ച ഇളവുകൾ തുണയാകുമെന്ന പ്രതീക്ഷയിലുമാണു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ. വയനാട്ടിലേക്കുള്ള പ്രധാനപാതയായ ചുരം കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ മണ്ണിടിച്ചിലും മറ്റും ഉണ്ടാകുമ്പോൾ കോഴിക്കോട് ജില്ലാ ഭരണകൂടമാണ് നടപടികൾ സ്വീകരിക്കേണ്ടത്.
എന്നാൽ ജില്ലയിലെ ജനത്തെ വയനാട് ജനതയെപ്പോലെ അധികം ബാധിക്കാത്ത വിഷയമായതിനാൽ പൊതുവേ ഇത്തരം സാഹചര്യങ്ങളിൽ നടപടികളിൽ മെല്ലെപ്പോക്കുണ്ടാകുന്നുവെന്ന ആക്ഷേപം പതിവാണ്.
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായപ്പോഴും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനെതിരെ ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. വിമർശനങ്ങളിലെ ഗൗരവം ഉൾക്കൊണ്ട് ചടുലമായ പ്രവർത്തനങ്ങളാണ് കോഴിക്കോട് ജില്ലാ കലക്ടറും സംഘവും വെള്ളിയാഴ്ച കാഴ്ചവച്ചത്.
ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് നേരിട്ടു സന്ദർശനം നടത്തിയ കലക്ടർ ഇടത്തരം വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഔദ്യോഗിക അനുമതികളും വേഗത്തിലാക്കിയതാണ് വയനാട് ജില്ലയിലെ വാണിജ്യ–വിനോദസഞ്ചാര മേഖലകൾക്ക് പ്രതീക്ഷയായത്. വരും ദിനങ്ങളിൽ കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ‘ഓണം ബിസിനസ്’ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണവർ.
∙ ബെംഗളൂരു, മൈസൂർ യാത്രക്കാർക്ക് പരീക്ഷിക്കാം ഈ പാതകളും
കോഴിക്കോട് ഭാഗത്തേക്കും മറ്റും മൈസൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നെത്തുന്നവരിൽ പലരും ആശ്രയിക്കുന്ന താമരശ്ശേരി ചുരം പാതയിലെ തടസ്സങ്ങളും ഗതാഗതത്തിരക്കും ഓണം അവധിക്ക് നാട്ടിലേക്കു കാറിലും മറ്റും എത്തുന്നവരെ ബാധിക്കാനിടയുണ്ട്.
പുതിയ സാഹചര്യത്തിൽ അധികം തടസ്സമില്ലാത്ത യാത്രയ്ക്ക് താഴെ പറയുന്ന പാതകളും പരീക്ഷിക്കാം.
∙മൈസൂർ–ബത്തേരി–താളൂർ–നാടുകാണി–നിലമ്പൂർ–താമരശ്ശേരി–കോഴിക്കോട്
∙മൈസൂർ–മാനന്തവാടി–തരുവണ–കുറ്റ്യാടി–കോഴിക്കോട്
∙മൈസൂർ–മാനന്തവാടി–പേര്യ–കൂത്തുപറമ്പ്–തലശ്ശേരി–കോഴിക്കോട്
∙മൈസൂർ–മാനന്തവാടി–കൊട്ടിയൂർ–കൂത്തുപറമ്പ്–തലശ്ശേരി–കോഴിക്കോട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]