
കൊച്ചി: ഖദർ ഇടണമെന്ന് പറഞ്ഞതിന് ചിലർ തന്നെ പരിഹസിച്ചതിന് കാരണം ഇപ്പോഴാണ് തെളിഞ്ഞെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ. ഖദർ ഡിസിപ്ലിന്റെ ഭാഗമാണ്.
ഖാദിയുടെ പ്രാധാന്യത്തെ കുറിച്ച് അടുത്തിടെ കോൺഗ്രസുകാരെ ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് അജയ് തറയിൽ, എറണാകുളം പള്ളിമുക്കിലെ ഖാദി ഷോറൂമിലെത്തി. എല്ലാവരും ഖദർ വസ്ത്രം വാങ്ങി ഈ ഓണക്കാലം കളറാക്കണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ഖദർ വസ്ത്രം ധരിക്കണമെന്ന് പറയുന്നുവെന്ന് അജയ് തറയിൽ വിശദീകരിച്ചു- “രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചപ്പോൾ ഇടാൻ തുടങ്ങിയതാണ് ഖദർ. അതിനു ശേഷമാണ് അതിന്റെ മഹത്വവും അച്ചടക്കവുമെല്ലാം മനസ്സിലായത്.
ഖദറിന്റെ പൈസ കിട്ടുന്നത് മുതലാളിക്കല്ല തൊഴിലാളിക്കാണ്. കൈ കൊണ്ട് നൂറ്റ് കൈ കൊണ്ട് നെയ്ത് സാധാരണ കടകളിൽ വിറ്റ് അത് തയ്ച്ചു വരുമ്പോൾ റിലയൻസിനോ അംബാനിക്കോ ഒന്നുമല്ല പണം കിട്ടുന്നത്, തൊഴിലാളികൾക്കാണ്.
ഞാൻ ഖദറിടണമെന്ന് പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അവർ ഖദർ ഇടാത്തതിന്റെ കാരണം എന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെന്ന് പറഞ്ഞതുപോലെ ഖദറിടാതെ ഇരുന്നാലും അവർക്ക് ചില കാര്യങ്ങളുണ്ടാകും. അതുകൊണ്ടാണ് ഖദർ ഡിസിപ്ലിൻറെ ഭാഗമാണെന്ന് പറഞ്ഞത്.
ഏതെങ്കിലും ബിവറേജിന് മുന്നിൽ ഖദറിട്ട ഒരാൾ ക്യൂ നിൽക്കുന്നത് കണ്ടിട്ടുണ്ടോ? ഖദറിട്ട് ആരും റോഡരികിൽ മൂുത്രമൊഴിക്കില്ല.
ഞാൻ പ്രേമിച്ച് കല്യാണം കഴിച്ചയാളാണ്. ഖദർ അതിനൊരു തടസ്സമായിട്ടില്ല”- അജയ് തറയിൽ പറഞ്ഞു.
ഖദറെന്നാൽ വെളുത്ത വസ്ത്രം എന്ന തെറ്റിദ്ധാരണ വേണ്ടെന്നും കളർഫുൾ വസ്ത്രങ്ങളും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖദറിനെ ചൊല്ലി കോൺഗ്രസിൽ അടുത്ത കാലത്ത് സീനിയർ-ജൂനിയർ പോര് തന്നെ നടന്നു.
ഖദറിനോട് എന്താണിത്ര നീരസമെന്ന് ചോദിച്ച അജയ് തറയിൽ, ഖദർ ഇടാത്ത യുവ നേതാക്കളെ വിമർശിച്ചു. ഖദറാണ് ശരിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.
എന്നാൽ വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്ന് പറഞ്ഞ് അജയ് തറയിലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. യുവാക്കളുടെ വസ്ത്രധാരണത്തിൽ ഇടപെടേണ്ടെന്നായിയിരുന്നു കെപിസിസി പ്രസിഡന്റിന്റെയും പ്രതികരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]