First Published Aug 29, 2024, 4:13 PM IST | Last Updated Aug 29, 2024, 5:17 PM IST
മൂന്നാറില്‍ വീണ്ടും കാട്ടാനകള്‍ ഒറ്റയ്ക്കും കൂട്ടമായും കാടിറങ്ങുന്ന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ്, വേനല്‍ക്കാലത്ത് കേരളമെങ്ങും കാട്ടാനകള്‍ നാട്ടിലിറങ്ങുന്ന വാര്‍ത്തകള്‍ പതിവായിരുന്നു. ഈയടുത്ത് അതിനൊരു ശമനമുണ്ടായി. എന്നാലും കാട്ടാനകള്‍ വീണ്ടും കാടുവിട്ടുറങ്ങുന്നുണ്ട്. അതാണ് മൂന്നാറില്‍നിന്നു വരുന്ന വാര്‍ത്തകള്‍. കേരളത്തിന്റെ ഭൂരിപക്ഷം ജില്ലകളിലും കാട്ടാനകളുണ്ട്. അതേസമയം കേരളത്തില്‍ കാട്ടാനകള്‍ സ്ഥിരമായി കാടിറങ്ങി, പൊതുജനത്തിന് ശല്യമുണ്ടാക്കുന്നുവെന്ന പരാതി മൂന്നാറില്‍ സ്ഥിരമാണ്. എന്താണ് ഇതിന് കാരണം? മൂന്നാറില്‍ നിന്നും കഴിഞ്ഞ ദിവസം പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ അതിന് ഉത്തരം തരുന്നുണ്ട്.
ദൃശ്യങ്ങളില്‍ ഒന്ന് വ്യക്തമാണ്. കാട്ടാന കാടിറങ്ങിയത് വെറുതെയല്ല. ചില ഗന്ധങ്ങളും രുചികളും അവയെ കാടിറക്കാന്‍ പ്രേരിപ്പിക്കുകയാണ്. മനുഷ്യന് ഉപയോഗം കഴിഞ്ഞ് യഥാവിധി സംസ്ക്കാരിക്കാതെ വലിച്ചെറിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റ് മാലിന്യവും ആനകളെ കാട്ടില്‍ നിന്നും നാട്ടിലേക്ക് ആകർഷിക്കുന്നു. ആനകൾക്ക് അസാധാരണമാം വിധം വികസിതമായ ഗന്ധഗ്രന്ഥികള് ഉണ്ടെന്നും മൈലുകൾ അകലെയുള്ള ഭക്ഷണം വരെ അവയ്ക്ക് മണം പിടിച്ച് പിന്തുടരാന് കഴിയുമെന്നും ഇതിനകം വിവിധ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാടതിർത്തി പ്രദേശങ്ങളിലേക്ക് മനുഷ്യന് തള്ളുന്ന സ്വന്തം മാലിന്യങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങളില് നിന്നുള്ള ഗന്ധങ്ങള്‍ ആനകൾ അടക്കമുള്ള മൃഗങ്ങളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു.
ഭക്ഷ്യവസ്തുക്കളുടെയും മറ്റും ഗന്ധങ്ങളും കാടിറങ്ങിക്കഴിഞ്ഞാല് ഇവയുടെ എളുപ്പത്തിലുള്ള ലഭ്യതയും ആനകൾക്ക് മനുഷ്യരോടുള്ള സ്വാഭാവിക സംശയം / ജാഗ്രത എന്നിവ മറികടക്കാൻ കാരണമാകുന്നു. ഒരു തവണ മനുഷ്യനോടുള്ള ഭയം മാറിയാല്‍ പിന്നെ കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവാകുന്നു. വന്യമൃഗങ്ങൾ ഇത്തരത്തില്‍ ‘ഭക്ഷണ ആകർഷണ സ്വഭാവം’ വികസിപ്പിച്ചെടുത്തു കഴിഞ്ഞാൽ, അവ പതിവായി കാടിറങ്ങാന്‍ തയ്യാറാകുന്നു. ഇതിനിടെയില്‍ മനുഷ്യ സാന്നിധ്യമുണ്ടാകുമ്പോള്‍ അവയുടെ ഭാഗത്ത് നിന്നും അപകട സാധ്യതയുള്ള പെരുമാറ്റങ്ങളുമുണ്ടാകുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അരിക്കൊമ്പന്.
അരിയുടെ രുചി പിടിച്ച ഒരു കാട്ടാനയ്ക്കാണ് നാം ‘അരിക്കൊമ്പ’നെന്ന പേരിട്ടത്. പതിവായി കടകളിലേക്ക് അരിയുടെ ലോഡ് എത്തിയാല്‍ അരികൊമ്പന് എത്തുകയും കട ആക്രമിച്ച് അരി കഴിച്ച് മടങ്ങുകയും ചെയ്യുന്നു. ഇത് കടയുടമയ്ക്ക് വ്യക്തിഗത നഷ്ടമാണ് സമ്മാനിക്കുന്നത്. അരി ലഭിക്കാതിരിക്കുമ്പോള്‍ ആന അക്രമണകാരിയാകുന്നതും സ്വാഭാവികം. അരിക്കൊമ്പന് നമ്മുക്ക് മുന്നിലെ ഇത്തരത്തിലുള്ള ഏറ്റവും നല്ല ഒരു ഉദാഹരണമാണ്. അരിയുടെ രുചി പിന്തുടർന്ന് ഒടുവില്‍ സ്വന്തം നാട് തന്നെ നഷ്ടപ്പെട്ട അരിക്കൊമ്പന് ഒടുവിൽ തമിഴ്നാട്ടിലേക്ക് നാടുകടത്തപ്പെട്ടു.
മൂന്നാര്‍ എന്ന മനോഹാരിത
ലോകത്തിലെ തീർച്ചയായും കണ്ടിരിക്കേണ്ട 4 സ്ഥലങ്ങളിൽ ഒന്നായാണ് ‘നാഷണൽ ജിയോഗ്രാഫിക്’ മൂന്നാറിനെ വിശേഷിപ്പിച്ചത്. മൂന്നാർ ഉൾപ്പടെയുള്ള ഹിൽ സ്റ്റേഷനുകളിലേക്ക് എത്തുന്ന യഥാര്‍ത്ഥ സഞ്ചാരികള്‍ അവരുടെ മനസ്സിന്റെ ശുദ്ധീകരണത്തിനായി, അറിയപ്പെടുന്ന ‘ഗ്രീൻ തെറാപ്പി’ (പച്ച നിറഞ്ഞ പ്രകൃതിദൃശ്യങ്ങളുടെ തടസ്സമില്ലാത്ത ദൃശ്യാനന്ദം) ആസ്വദിച്ച് യാത്ര ചെയ്യുന്നു. മനോഹരമായ തേയില കുന്നുകളുടെ പച്ചപ്പ് സന്ദർശകരില്‍ കോർട്ടിസോൾ (സ്ട്രെസ് ഹോർമോണുകൾ), എൻഡോർഫിൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും അതുവഴി ഡോപാമൈൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും സന്ദർശകരില്‍ ‘സന്തോഷം’ഉത്പാദിപ്പിക്കുന്നു.
“ടൂറിസം കേന്ദ്രങ്ങളിലെ മനുഷ്യ – വന്യജീവി സംഘർഷത്തിന് നമ്മുക്കൊരു വ്യക്തമായ പ്ലാന്‍ ഇല്ലാത്തതാണ് ഇത്തരം സ്ഥലങ്ങളില്‍ വന്യജീവി സംഘർഷത്തിന് കാരണ”മെന്ന് ഏഷ്യന്‍ കാട്ടാനകളുടെ സംരക്ഷണത്തെ കുറിച്ചും മനുഷ്യ വന്യജീവി സംഘർഷത്തെ കുറിച്ചും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ.പി.എസ്. ഈസ പറയുന്നു. “ഇക്കോ ടൂറിസമെന്നാല്‍ ആ പ്രദേശത്തെ പ്രകൃതിയെയാണ് നമ്മള് ടൂറിസത്തിനായി പ്രയോജനപ്പെടുത്തുന്നത്. അതിനർത്ഥം അവിടുത്തെ ഇക്കോളജിയെ സംരക്ഷിച്ച് കൊണ്ടുള്ള ടൂറിസമാണ്. എന്നാല്‍ ഇവിടെ നടക്കുന്നത് വലിയ കെട്ടിടങ്ങള്‍ കെട്ടുകയും വന്യമൃഗങ്ങളെ പ്രദേശത്ത് നിന്ന് അകറ്റി നിര്‍ത്തുകയുമാണ്. അങ്ങനെ വരുമ്പോള്‍ അവിടെ എങ്ങനെയാണ് ഇക്കോ ടൂറിസം സാധ്യമാവുക?” അദ്ദേഹം ചോദിക്കുന്നു.
“മൂന്നാറിന്റെ മനോഹാരിതയ്ക്ക് വലിയ കോട്ടമാണ് അനധികൃതമായി ഉയരുന്ന കെട്ടിടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ പലതും റവന്യൂ, വനം, ഇറിഗേഷന്‍ വകുപ്പുകളുടെ ഭൂമി കൈയേറി നിര്‍മ്മിക്കപ്പെട്ടവയാണ്. ഇത്തരത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെ ഒരുവശത്ത് ഇക്കോ ടൂറിസം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും മറുവശത്ത്, വന്യജീവി സംഘര്‍ഷത്തെ കുറിച്ച് പരാതിപ്പെടുകയും ഇനിനിടെയില് ഇക്കോ ടൂറിസം പ്രചാരണം നടത്തുകയും ചെയ്യുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെ”ന്നും ഡോ.പി.എസ്. ഈസ കൂട്ടിചേര്‍ക്കുന്നു.
‘പെട്ടിക്കട’ സംസ്കാരം
ടൂറിസം മുന്നില്‍ വരുമ്പോള്‍ മൂന്നാറിന്റെ പ്രകൃതി സൗന്ദര്യവും ശുദ്ധവും ഹരിതവുമായ അന്തരീക്ഷവും പ്രാദേശിക ഭരണകൂടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂണുപോലെ മുളച്ചു പൊന്തുന്ന നിയമവിരുദ്ധ പെട്ടിക്കടകളും ടൂറിസ്റ്റുകള്‍ക്കായുള്ള കെട്ടിടങ്ങളും മൂന്നാറിന്റെ പ്രകൃതി സൗന്ദര്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ഏറെ വലുതാണ്. ഇതിന് ഒത്താശ ചെയ്യുന്നതാകട്ടെ പ്രാദേശിക ഭരണാധികാരികളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും. നിയമം നടപ്പാക്കേണ്ട പൊലീസ്, വനം വകുപ്പ്, ദേശീയപാത അധികൃതര്‍ എന്നിവരെല്ലാം ഇതോടെ നിശബ്ദരാകുന്നു. ‘ആന പോലുള്ള മൃഗങ്ങളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. പിന്നെ വിവിധ പഴങ്ങള്‍. ഇവയെല്ലാം ഇന്ന് മൂന്നാറിന്റെ വഴിയോരങ്ങളില്‍ യഥേഷ്ടം ലഭ്യമാണ്. ഇത്തരം മണങ്ങളും രുചികളും വന്യമൃഗങ്ങളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. മൃഗങ്ങള്‍ കാടിറങ്ങാനുള്ള എല്ലാ സാധ്യതകളും തുറന്ന് വച്ച് പിന്നീട് പരാതി പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?’- ഡോ.ഈസ ചോദിക്കുന്നു.
പ്രതികൂട്ടിലാകുന്ന പ്രാദേശിക ഭരണകൂടം
മൂന്നാര്‍ / ദേവികുളം പഞ്ചായത്തുകള്‍ എടുക്കുക. പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും മലിനീകരണ വിമുക്തമായ അന്തരീക്ഷത്തെ കുറിച്ചും ഒരു ചിന്തയുമില്ലാതെ മാലിന്യ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്ക് കൂട്ടുനില്‍ക്കുകയാണ് അധികൃതര്‍. വോട്ടിനും അംഗബലത്തിനും വേണ്ടിയാണ് പലതും ഇവര്‍ കണ്ണടക്കുന്നത്. വിദരഭാവിയില് മൂന്നാറിനെ ടൂറിസം ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാനാണ് യഥാര്‍ത്ഥത്തില്‍ ഈ നടപടികള്‍ സഹായിക്കുക.
മൂന്നാറിനെ സംബന്ധിച്ചിടത്തോളം പെട്ടിക്കടകളും ഉന്തുവണ്ടികളും വഴിയോരങ്ങളില്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ കാട്ടുമൃഗങ്ങളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു എന്നത് വാസ്തവമാണ്. മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഇത് വ്യക്തവുമാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നും മൂന്നാറിലേക്ക് എത്തുന്ന പഴങ്ങള്‍, ഉപ്പ്, ധാതുക്കള്‍ എന്നിവയോട് ആനകള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. പഴങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളുടെ വ്യാപനവും വ്യാപകമായി മാലിന്യം തള്ളുന്നതും ആനകളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരം ഭക്ഷ്യമാലിന്യത്തോടൊപ്പം മൃഗങ്ങളുടെ വയറ്റിലേക്ക് കടക്കുന്ന പ്ലാസ്റ്റിക്കാണ് മറ്റൊരു വലിയ ദുരന്തം. ഇത് മൃഗങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
റോഡ് പോകുന്ന വഴികളില്ലെല്ലാം പെട്ടിക്കടകളും ഉന്തുവണ്ടികളും എന്ന രീതി മാറ്റി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രം കടകള്‍ സ്ഥാപിച്ചും പ്ലാസ്റ്റിക്കിന് ബദലായി പ്രകൃതിദത്ത ഉത്പന്ന നിര്‍മ്മാണ കൂട്ടായ്മകളെ വളര്‍ത്തിക്കൊണ്ട് വന്ന്, അത്തരം ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചും പ്രകൃതി സംരക്ഷണം എന്ന ഉള്‍ക്കാഴ്ചയോടെയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. ഈ കാഴ്ചപ്പാട് ഇല്ലാത്ത പ്രാദേശിക ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഒരു പരിധിവരെ വന്യമൃഗങ്ങളുടെ കാടിറക്കത്തിന് കാരണക്കാരാകുന്നുണ്ട്.
പ്രതിരോധങ്ങൾ
പെട്ടിക്കടകൾ ഉന്തുവണ്ടികൾ എന്നിവയുടെ വ്യാപനം തടയുകയോ ഉള്ളതിനെ നിശ്ചിത ഇടങ്ങളില്‍ നിയന്ത്രിക്കുകയോ ചെയ്താല്‍ കാടിറങ്ങുന്ന ആനകളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാമെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഇത്തരം പെട്ടിക്കടകളില്‍ അമിത ഗന്ധമുള്ള പഴങ്ങള്‍, കരിക്ക്, പൈനാപ്പിള്‍ എന്നിവയുടെ വില്പന നിയന്ത്രിക്കുക. മൂന്നാറിലേക്കുള്ള റോഡുകളിൽ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഇവയുടെ സ്ഥാനം മാറ്റുക. നേരത്തെ ആനത്താരകള്‍ നിലനിന്നിരുന്നതോ ഇപ്പോള്‍ സജീവമായ ആനത്താരകള്‍ ഉള്ളതോ ആയ സ്ഥലങ്ങളില്‍ ഇത്തരം വില്പനശാലകള് ഒരു കാരണവശാലും അനുവദിക്കരുത്.
മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും വൈകുന്നേരം കൃത്യമായ സമയത്ത് പ്രധാനപ്പെട്ടതും അപ്രധാനവുമായ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മാലിന്യ കേന്ദ്രങ്ങളിലേക്ക് കാട്ടാനകള്‍ കയറാതിരിക്കാന്‍ ഫെന്‍സിംഗ് പോലുള്ള ആധുനിക പ്രതിരോധ മാർഗങ്ങള്‍ അവലംബിക്കുക.
വിനോദ സഞ്ചാരികള്‍ക്ക് കൃത്യമായ മാര്‍ഗ നിർദ്ദേശങ്ങള്‍ കൊടുക്കുക. ഒപ്പം മാലിന്യം വലിച്ചെറിയുന്ന സഞ്ചാരികള്‍ക്ക് കനത്ത പിഴ അടക്കം ചുമത്തുക. ഒപ്പം, വിനോദ സഞ്ചാരത്തിന് ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക. പ്രദേശവാസികളുമായ പ്രശ്നങ്ങള്‍ ഇല്ലാതെ സഹജീവിതം നടത്തുന്ന കാട്ടാനകളെ വിനോദ സഞ്ചാരികള്‍ സെൽഫിയ്ക്കായും വാഹനങ്ങളുടെ ഹോണുകള്‍ അടിച്ചും മറ്റും പ്രകോപിപ്പിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം സഞ്ചാരികളുടെ വാഹനങ്ങള്‍ കണ്ട് കെട്ടുന്നത് മുതല്‍ ഭീമമായ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ എടുത്തും ശക്തമായ നിയന്ത്രണം കൊണ്ടുവരിക. നിയന്ത്രണങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]