
പത്തനംതിട്ട ∙ ഭർതൃപിതാവിനെ മർദിച്ചതു ശല്യം സഹിക്കാനാവാതെയാണെന്ന വിശദീകരണവുമായി മരുമകള്‍ സൗമ്യ.
പത്തനംതിട്ട അടൂർ സ്വദേശി തങ്കപ്പനെയാണു മകൻ സിജുവും മരുമകൾ സൗമ്യയും ചേർന്നു മർദിച്ചത്.
അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും സൗമ്യ പറഞ്ഞു.
മദ്യപിച്ചെത്തുന്ന തങ്കപ്പന് മർദിക്കാറുണ്ടായിരുന്നെന്നും തന്റെ അമ്മയുടെ മുന്നിൽവച്ചു മുടിക്കുത്തിനു പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോൾ മുതല്‍ മർദിക്കാൻ തുടങ്ങി.
മദ്യപിച്ചില്ലെങ്കിൽ അച്ഛൻ സ്നേഹമുള്ളയാളാണ്. എന്നാൽ മദ്യപിച്ചു കഴിഞ്ഞാൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
ഇത്രയും കാലം അച്ഛന്റെ ഉപദ്രവം സഹിക്കുക മാത്രമാണു ചെയ്തത്. എന്നാൽ അന്ന് അച്ഛൻ ചെയ്തതു തന്നെ പ്രകോപിപ്പിച്ചതിനാലാണു പ്രതികരിച്ചതെന്നും സൗമ്യ പറഞ്ഞു.
കഴിഞ്ഞ ഇരുപതാം തീയതിയാണു മകൻ സിജുവും മരുമകൾ സൗമ്യയും തങ്കപ്പനെ മർദിച്ചത്.
മകൻ പൈപ്പ് കൊണ്ടും മരുമകൾ വടികൊണ്ടും ഇയാളെ അടിച്ചുവീഴ്ത്തുന്ന ദൃശ്യമാണ് പ്രചരിച്ചത്. തുടർന്ന് ലഭിച്ച പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.
പിന്നീട് തങ്കപ്പൻ കോടതിയിലെത്തി പരാതിയില്ലെന്ന് അറിയിച്ചതോടെ ജാമ്യം ലഭിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]