
ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങൾ ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മയുടേതെന്ന സംശയത്തിൽ പൊലീസ്. കുഴിച്ചെടുത്ത അസ്ഥികൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഡിഎൻഎ പരിശോധനയടക്കം വിശദമായ അന്വേഷണത്തിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിൻ്റെ ഭാഗമായി ജയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും.
പള്ളിപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് ഇന്നലെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഏറ്റവും ഒടുവിൽ ജൈനമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ്.
ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
സെബാസ്റ്റ്യൻ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിൽ ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ. ഡിസംബർ 23 നാണ് ജയ്നമ്മയെ കാണാതായത്.
കോട്ടമുറി കാക്കനാട്ട്കാലായിൽ ഭർത്താവ് അപ്പച്ചനൊപ്പമാണ് ജയ്നമ്മ താമസിച്ചിരുന്നത്. ഇവർ രണ്ട് പേർ മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.
ജയ്നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളിൽ പോകുന്നതിനാൽ കാണാതായ ആദ്യ ദിവസങ്ങളിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നില്ല. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ ഡിസംബർ 28 ന് സഹോദരൻ സാവിയോ മാണി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ജയ്നമ്മയും ഭർത്താവ് അപ്പച്ചനും തമ്മിൽ നിരന്തരം വഴക്കായിരുന്നെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ജയ്നമ്മയെ ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
ജയ്നമ്മയുടെ തിരോധാനത്തിൽ ഭർത്താവ് അപ്പച്ചനും പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ നിന്ന് കാണാതായതിന് ശേഷം പല തവണ ബന്ധുക്കൾ ഫോണിൽ വിളിച്ചിരുന്നു.
നാല് തവണ ഫോൺ റിങ്ങ് ചെയ്തെങ്കിലും ആരും കോൾ എടുത്തില്ല. ഇപ്പോൾ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനം ഫോണിന്റെ സിഗ്നൽ കിട്ടിയത് ചേർത്തല പള്ളിപ്പുറം ഭാഗത്താണ്. ഇവിടെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജയ്നമ്മ പോകാൻ സാധ്യതയുള്ള ധ്യാനകേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇവിടെയൊന്നും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പള്ളിപ്പുറത്ത് പരിശോധന നടത്തി ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്ഥലമുടമ സെബാസ്റ്റ്യനെ പൊലീസ് ചോദ്യം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]