
തൃശൂർ: തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കെൽപ്പുള്ളതാണ് ഡ്രഡ്ജർ. എന്നാൽ ഒഴുക്ക് നാലു നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആഴം കൂടിയ ഇടങ്ങളിൽ ഉപയോഗിക്കാൻ പ്രശ്നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവർത്തിക്കാം. ആറു മീറ്റർ ആഴത്തിൽ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവർത്തിക്കാനും കഴിയും. കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച രണ്ടു ഡ്രഡ്ജറുകളിൽ ഒന്നാണിത്. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് മെഷീൻ ഉപയോഗിക്കാറെന്നും എൻ നിഖിൽ പറഞ്ഞു.
അതേസമയം, മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂരിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമായിരിക്കും നദിയിൽ ഇന്ന് പരിശോധന നടക്കുക. വരുന്ന 21 ദിവസം മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം. അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കാർ മാർഗ്ഗമാണ് ഇവർ തൃശൂരിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്. കൃഷിവകുപ്പിലെ രണ്ട് അസി ഡയറക്ടർ, മിഷീൻ ഓപ്പറേറ്റർ എന്നിവരാണ് സംഘത്തിലുള്ളത്. അസിസ്റ്റന്റ് വിവൻസി എജെ, പ്രതീഷ് വിഎസ് എന്നിവരും ഓപ്പറേറ്റർ കം ടെക്നീഷ്യനുമാണ് സംഘത്തിലുള്ളത്.
അർജുനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]