
വില 940 കോടി, 15 ദിവസമായി ഹാങ്ങറിനു പുറത്ത്, പോറൽ വീണാലും പ്രശ്നം; എഫ് 35 നോക്കാൻ വിദഗ്ധരെത്തുന്നു
തിരുവനന്തപുരം∙ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എഫ് 35 ബി ബ്രിട്ടിഷ് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി അവിടെനിന്നുള്ള എൻജിനീയർമാർ ഈയാഴ്ച എത്തും. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.
വിമാന നിർമാതാക്കളായ യുഎസ് കമ്പനി ലോക്ഹീഡ് മാർട്ടിന്റെ എൻജിനീയർമാരും സംഘത്തിലുണ്ടാകും. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എഫ് 35 ബിയെ വലിയ ചരക്കു വിമാനത്തിൽ ബ്രിട്ടനിലേക്കു കൊണ്ടുപോകും.
റഡാറിൽ പതിയാതെ പറക്കാൻ കഴിയുന്ന അത്യാധുനിക വിമാനമാണ് എഫ് 35. റഡാറിനെ കബളിപ്പിക്കാൻ കഴിയുന്ന പുറംചട്ടയാണിതിന്.
പുറംചട്ടയിലെ ചെറിയ തകരാർ പരിഹരിക്കാൻ പോലും കമ്പനി അംഗീകരിച്ച വിദഗ്ധർ വേണ്ടിവരും. നിലത്തുനിന്ന് കുത്തനെ പറന്നു പൊങ്ങാനും അതേപോലെ നിലത്തിറങ്ങാനും കഴിയുന്ന സംവിധാനം എഫ് 35 ബിയിൽ ഉണ്ട്.
ഹൈഡ്രോളിക്ക് സംവിധാനത്തിനു തകരാറുണ്ടായാൽ അതിനു കഴിയില്ല. അത്യാധുനിക സാങ്കേതിക വിദ്യയായതിനാൽ വിദഗ്ധ സേവനം വേണ്ടിവരും.
വിമാനത്താവളത്തിന്റെ സേവനം ഉപയോഗിച്ചതിന് പാർക്കിങ് ഫീസ് ഈടാക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. വിദേശ സൈനിക വിമാനമായതിനാൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
വിമാനത്തിന്റെ ഭാരം അനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവിക സേനയുടെ 110 മില്യൻ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്തപരിശീലന പറക്കലിനിടെയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിങ്ങിനായി സ്ക്വാക്ക് 7700 എന്ന കോഡാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അയച്ചത്.
അടിയന്തര സഹായം ആവശ്യമായ ഘട്ടത്തിലാണ് ഈ കോഡ് അയയ്ക്കുന്നത്. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാർ പരിഹരിക്കാന്‍ കഴിയാതെവന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോകുന്നത്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് CISFന്റെ എക്സ് അക്കൗണ്ടിൽ നിന്നും എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]