
സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി നടി ഹിന ഖാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഹിന വ്യക്തമാക്കി. ഈ രോഗത്തെ ഞാൻ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും ഞാൻ സജ്ജയാണ്. എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ഹിനാ പോസ്റ്റിൽ കുറിച്ചു.
നടി വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ആശംസിച്ച് ആരാധകരും സുഹൃത്തുക്കളും പോസ്റ്റിന് താഴേ കമന്റുകളിട്ടിട്ടുണ്ട്. നിങ്ങൾ എല്ലായ്പ്പോഴും ശക്തമായൊരു സ്ത്രീയാണ്. എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെ എന്ന് റഷാമി ദേശായി കുറിച്ചു. നീ ശക്തയാണ്. ഇതും കടന്നുപോകും ലാതാസ സബേർവാൾ കമന്റ് ചെയ്തു.
എന്താണ് സ്തനാർബുദം ; ലക്ഷണങ്ങൾ എന്തൊക്കെ?
സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം.
സ്തനത്തിലോ കക്ഷത്തിലോ മുഴ, സ്തനത്തിൻ്റെ ആകൃതിയിലോ വലുപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലക്കണ്ണിൽ സ്രവങ്ങൾ, അല്ലെങ്കിൽ സ്തനഭാഗത്ത് തുടർച്ചയായ വേദന എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.
‘ജീവിതശൈലി, ഹോർമോൺ, പാരമ്പര്യ ഘടകങ്ങൾ എന്നിവ ബ്രെസ്റ്റ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത ഉയർത്തിയേക്കാം. പ്രത്യേകിച്ചും, പ്രോജസ്റ്ററോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ സ്തനാർബുദത്തിൻ്റെ പാരമ്പര്യം, പ്രായം, റേഡിയേഷൻ എക്സ്പോഷർ എന്നിവയെല്ലാം അപകടസാധ്യത വർദ്ധിപ്പിക്കും. അമിതവണ്ണവും മദ്യപാനവും സ്തനാർബുദത്തിൻ്റെ വികാസത്തിന് കാരണമായേക്കാവുന്ന ജീവിതശൈലി ഘടകങ്ങളാണ്…’ -ആൻഡ്രോമിഡ കാൻസർ ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ചെയർമാനും മേധാവിയുമായ ഡോ. അരുൺ കുമാർ ഗോയൽ പറഞ്ഞു.
പതിവായി സ്വയം പരിശോധനയും മാമോഗ്രാമും ചെയ്യുന്നത് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, സമീകൃതാഹാരം പാലിക്കുക, അമിതമായ മദ്യപാനം ഒഴിവാക്കുക എന്നിവ സ്തനാർബുദ സാധ്യത കുറയ്ക്കും.
Last Updated Jun 28, 2024, 5:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]