
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിലെ ആയിരക്കണക്കിന് തോട്ടം തൊഴിലാളികളുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങൾ. കെട്ടിടമുൾപ്പെടെ എല്ലാ സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്തതാണ് കാരണം. ദിവസേന 450 ലധികം തോട്ടം തൊഴിലാളികളാണ് വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
ഇവരെ പരിശോധിക്കാൻ മൂന്ന് ഡോക്ടർമാർ മാത്രമാണുള്ളത്. രണ്ടു പേർക്ക് മിക്കപ്പോഴും ക്യാമ്പുകൾക്കും കോൺഫറൻസിനുമായി പോകേണ്ടി വരും. ഇതിലൊരാൾക്കിപ്പോൾ സ്ഥലം മാറ്റവുമായി. ഏഴു ഡോക്ടർമാർ ഇവിടെ വേണ്ടതാണ്. 15 നഴ്സുമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് ഏഴു പേർ മാത്രമാണ്. ഡോക്ടർമാരില്ലാത്തിനാൽ രോഗികളെ കിടത്തി ചികിത്സിക്കാറില്ല. ഇടുക്കി ജില്ല മുഴുവൻ ചാർജുള്ള ഒരു ലാബ് ടെക്നീഷ്നനാണിവിടുള്ളത്.
ആശുപത്രിയിൽ എല്ലായിടത്തുമെത്താനുള്ളത് മൂന്ന് അറ്റൻഡർമാർ. ജീവനക്കാരില്ലാത്തതിനാൽ വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെയാണ് പാവപ്പെട്ട തൊഴിലാളികൾ ആശ്രയിക്കുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻറെ രണ്ടാം ബ്ലോക്ക് പണികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നിട്ടുമില്ല. കൊട്ടരക്കര – ദിണ്ഡുക്കൽ ദേശിയ പാതയോട് ചേർന്നാണ് ഈ ആശുപത്രി. രാത്രിയിൽ റോഡ് അപകടങ്ങൾ ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും ഇവിടെ ആരുമുണ്ടാകില്ല. ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരം നടത്തുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.
Last Updated Jun 28, 2024, 10:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]