
‘ദേശീയപാത തകർന്നത് അശ്രദ്ധ കൊണ്ട്; പുനർനിർമാണം കരാറുകാരന്റെ ചെലവിൽ, കരാർ കമ്പനിക്ക് വിലക്ക്’
കൊച്ചി ∙ ദേശീയപാത 66ൽ രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയില് കൂരിയാട് ദേശീയപാത തകർന്നതിന് കാരണം കരാറുകാരുടെ അശ്രദ്ധയാണെന്ന് ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട്. ദേശീയപാത നിർമിക്കുന്നതിനു മുൻപ് സ്ഥലത്തെക്കുറിച്ച് മനസിലാക്കുന്നതിലും എത്രത്തോളം ഭാരം താങ്ങാൻ കഴിയുമെന്ന് കണ്ടെത്തുന്നതിലും കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസ് ഉപേക്ഷ കാട്ടിയെന്നാണ് ഇന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയപാത തകർന്നതിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. അടിമണ്ണിന് ഉറപ്പില്ലാത്തതാണ് പ്രശ്നത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടിലുള്ളത്.
കരാറുകാരായ കെഎൻആർസി, ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റിലെ പ്രോജക്ട് കൺസൽറ്റന്റ് എന്നിവരെ ഭാവി പ്രോജക്ടുകളിൽ പങ്കു കൊള്ളുന്നതിൽ വിലക്കിയിട്ടുണ്ട്. കരാറുകാരുടെ പ്രോജക്ട് മാനേജറെയും കൺസൽറ്റന്റ് സ്ഥാപനത്തിന്റെ ടീം തലവനെയും സസ്പെന്ഡ് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഐടി ഡൽഹിയിൽ നിന്നുള്ള റിട്ട. പ്രഫസറുടെ നേതൃത്വത്തിൽ രണ്ടംഗ ദേശീയ ഹൈവേ അതോറിറ്റി ടീം സ്ഥലം സന്ദർശിച്ച് അപകടത്തിന്റെ കാരണം വിലയിരുത്തുകയും എന്താണ് മുന്നോട്ടു ചെയ്യാൻ സാധിക്കുക എന്നു പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
കരാറുകാരുടെ ചെലവിൽ തന്നെയായിരിക്കും പുനർനിർമാണം നടത്തുക. മാത്രമല്ല, കേരളത്തിലെ മറ്റിടങ്ങളിൽ നടത്തുന്ന നിർമാണങ്ങളിൽ ശ്രദ്ധിക്കേണ്ട
കാര്യങ്ങളും വിദഗ്ധ സമിതി നിർദേശിക്കും. ഇതിന് അനുസൃതമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംരക്ഷണ ഭിത്തി കെട്ടി റോഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ താഴെയുള്ള മണ്ണിന് ഇതിനെ താങ്ങിനിർത്താൻ സാധിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കാതെ പോയതാണ് അപകടത്തിനു കാരണം.
പ്രധാനപ്പെട്ട ഡിസൈൻ ഏജൻസി സംരക്ഷണ ഭിത്തിയുടെ ഡിസൈൻ തയാറാക്കിയിട്ടും മണ്ണിന്റെ ഘടനയാണ് പ്രശ്നത്തിനു കാരണമായതെന്നാണ് അതോറിറ്റി പറയുന്നത്.
ദുർബലമായ മണ്ണും പാതയുടെ ഇടതുവശത്ത് വെള്ളം കെട്ടിനിൽക്കുന്നതും തകർച്ചയ്ക്ക് കാരണമായി. വയൽ ഇടതു ഭാഗത്താണ്.
വെള്ളമൊഴുക്ക് ഇടത്തു നിന്നു വലത്തേക്കാണ്. വലത്തേ സംരക്ഷണ ഭിത്തിക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ല.
കരാറുകാർ മദ്രാസ് ഐഐടിയിൽ നിന്നുള്ള വിദഗ്ധരെ കൊണ്ട് പരിശോധിച്ചപ്പോഴും ഇടതുഭാഗത്തുള്ള മണ്ണിന്റെ ഘടനയാണ് പ്രശ്നത്തിന് ഇടയാക്കിയത് എന്നു വ്യക്തമായിട്ടുണ്ട്. ഏറെനാൾ വെള്ളം കെട്ടിക്കിടന്നതോടെ ഇടതുഭാഗത്തിന് ഭാരം താങ്ങാനുള്ള ശേഷി നഷ്ടപ്പെടുകയായിരുന്നു.
മറ്റ് സംരക്ഷണ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒപ്പം, ഇവിടം വയൽ ആണെന്ന് കണക്കാക്കിയുമില്ല.
നിശ്ചയിക്കാൻ സാധിക്കാത്ത മണ്ണിന്റെ ഘടനയാണ് അപകടത്തിന് കാരണമാക്കിയത് എന്ന നിഗമനമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 276–ാം റീച്ചിൽ വരേണ്ടിയിരുന്ന അടിപ്പാത 277–ാം റീച്ചിലുള്ള ജംക്ഷനടുത്തേക്ക് മാറ്റിയതു മൂലം സംരക്ഷണ ഭിത്തിയുടെ ഉയരം 3.60 മീറ്റർ കൂട്ടേണ്ടി വന്നെന്നും ഇത് ഭാരം കൂട്ടാൻ കാരണമാവുകയും മണ്ണിന് താങ്ങാനാവാതെ വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് പുനർനിർമാണം നടത്തുന്നത് എന്നും അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]