
അന്തിക്കാട്: തൃശൂർ പെരിങ്ങോട്ടുകരയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാൻകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്ഫോടക വസ്തുഎറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഈ സമയം ബിജുവിന്റെ ഭാര്യ സംഗീതയും 4 പെൺമക്കളും, അമ്മ തങ്കയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറയുന്നു. വീടിന്റെ ചുമരിലേക്കാണ് എറിഞ്ഞത്.
സ്ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. എറിഞ്ഞത് നടൻ ബോംബാണെന്നാണ് സൂചന. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated May 29, 2024, 10:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]