
മുംബൈ: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫര്‍. പിവിആര്‍ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് വിവരം.
മാര്‍ച്ച് മാസം മുതല്‍ വിവിധ ഭാഷകളിലും ബോളിവുഡിലും വലിയ റിലീസുകള്‍ ഇല്ലാത്തതിനാല്‍ തീയറ്ററുകള്‍ വലിയ പ്രതിസന്ധിയിലായ അവസ്ഥയിലാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മാസത്തില്‍ വന്‍ റിലീസുകള്‍ പ്രഖ്യാപിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് തീയറ്റര്‍ സിനിമ വ്യവസായം. അതിന് മുന്നോടിയായി അളുകളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാനാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത് എന്നാണ് എംഎഐ വൃത്തങ്ങള്‍ പറയുന്നത്.
എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയില്‍ അടക്കം ചൂടിനെ മറികടക്കാൻ മൾട്ടിപ്ലക്സുകൾ ആളുകള്‍ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വർഷം ദേശീയ സിനിമാ ദിന പരിപാടിയിൽ കുടുംബങ്ങള്‍ അടക്കം വലിയൊരു വിഭാഗം സിനിമ കാണാൻ എത്തിയിരുന്നു. അന്ന് പങ്കെടുക്കുന്ന സ്ക്രീനുകളിൽ 50-70 ശതമാനം ഒക്യുപെന്‍സി ലഭിച്ചു. മെയ് 31 ന് സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത് – എംഎഐ പ്രസിഡന്റ് കമൽ ജിയാൻചന്ദാനി ബിസിനസ് ലൈനിനോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എംഎഐ ഇതുപോലെ ദേശീയ സിനിമാ ദിന നടത്തിയിരുന്നു. അന്ന് 99 രൂപയ്ക്ക് ഷോകള്‍ നടത്തിയപ്പോള്‍ രാജ്യത്തെ വിവിധ സ്ക്രീനുകളില്‍ ആ ദിവസം ആറ് ദശലക്ഷത്തോളം അധിക സിനിമ പ്രേമികള്‍ എത്തിയെന്നാണ് കണക്ക്.
അതേ സമയം 99 രൂപ ഷോകള്‍ സംബന്ധിച്ച് പങ്കെടുക്കുന്ന സിനിമ ചെയ്നുകള്‍ അവരുടെ വെബ്സൈറ്റുകള്‍ വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് എംഎഐ കൂട്ടിച്ചേർത്തു.
Last Updated May 29, 2024, 9:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]