
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഭക്ഷ്യവിഷബാധ കേസുകളെ ശക്തമായി നേരിടുമെന്ന് കലക്ടര്‍ വിആര്‍ കൃഷ്ണതേജ. ഇത്തരം കേസുകൾ കണ്ടെത്തിയാല്‍ ഉടനെ തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കലക്ടർ. പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് കലക്ടറുടെ നിർദേശം.
ജില്ലയിലെ പിഎച്ച്സി മുതലുള്ള ഏതെങ്കിലും ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ ഭക്ഷ്യവിഷബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ അറിയിക്കാന്‍ കലക്ടർ നിര്‍ദേശം നല്കി. ഇതിനായി തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകളില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളിലെ എച്ച്ഐ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അടിയന്തരമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കേസുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും കലക്ടർ പറയുന്നു.
ജില്ലയിലെ എല്ലാ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ശുചിത്വം, ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനകളും തുടര്‍ പരിശോധനകള്‍ നടത്താനും ഇരുവിഭാഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ അതുല്‍ സാഗര്‍, ഫുഡ് സേഫ്റ്റി അസി കമ്മിഷണര്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Last Updated May 28, 2024, 9:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]