
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിശേഷതകളുള്ള സംസ്ഥാനമാണ് ദൈവത്തിൻറെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം. ആകെ 14 ജില്ലകളാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് കേരളത്തിലെ ജില്ലകൾ. എന്നാൽ കേരളത്തിലെ ജില്ലകൾക്ക് എങ്ങനെയാണ് ഈ പേരുകൾ വന്നതെന്ന് അധികമാർക്കും അറിയില്ല. അത് എങ്ങനെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.
കാസർഗോഡ്
കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന “കസിരക്കൂഡ്’ എന്ന പദത്തിൽ നിന്നാണ് കാസർഗോഡ് എന്ന പദത്തിൻറെ ഉദ്ഭവമെന്ന് പറയപ്പെടുന്നു. കാട്ടുപോത്ത് എന്നർത്ഥം വരുന്ന കാസരം എന്ന പദവും പ്രദേശം എന്ന് അർത്ഥമാക്കുന്ന കോട് എന്ന പദവും കാസർഗോഡായി പരിണമിച്ചതാണെന്നും പറയുന്നവരുണ്ട്.
കണ്ണൂർ
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമം പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ, കണ്ണന്റെ ഊര് പിന്നീട് കണ്ണൂരായെന്ന് വിശ്വസിക്കുന്നവരുമുണ്ട്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ കനൗറ എന്ന് പരാമർശിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് ചരിത്രത്തിൽ ആദ്യമായി കാനനൂർ എന്ന പദം രേഖപ്പെടുത്തിയത്.
വയനാട്
നിരവധി വയലുകളുണ്ടായിരുന്ന സ്ഥലമായിരുന്നതിനാൽ വയലുകളുടെ നാട് പിന്നീട് വയനാട് ആയി മാറിയതാണെന്ന് പറയപ്പെടുന്നു.
കോഴിക്കോട്
കോഴിക്കോട് എന്ന പേരിന്റെ കൃത്യമായ ഉത്ഭവം വ്യക്തമല്ല. “കോട്ടകെട്ടിയ കൊട്ടാരം” എന്നർത്ഥം വരുന്ന കോയിൽ-കോട്ട എന്നതിൽ നിന്നാണ് കോഴിക്കോട് എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. കോയിൽ അല്ലെങ്കിൽ കോവിൽ എന്നത് കോഴിക്കോട്ടെ തളി ശിവക്ഷേത്രത്തെ സൂചിപ്പിക്കുന്നതാകാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
മലപ്പുറം
മലയുടെ മുകളിൽ അല്ലെങ്കിൽ മലമുകൾ എന്ന അർത്ഥം വരുന്ന മലപ്പുറം എന്ന പേരിന് പിന്നിൽ ഭൂമിശാസ്ത്രപരമായ കാരണങ്ങളുണ്ട്. കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള ജില്ല. പേര് സൂചിപ്പിക്കുന്നത് പോലെ മലനിരകൾക്കൊപ്പമുള്ള സവിശേഷമായ പ്രകൃതിഭംഗിയോട് കൂടിയ ജില്ലയാണ് മലപ്പുറം.
പാലക്കാട്
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പിന്നീട് പാലക്കാടായെന്ന് ചിലർ വാദിക്കുന്നു. ബുദ്ധമതക്കാരുടെ ഭാഷയായ പാലി ഭാഷ സംസാരിയ്ക്കുന്നവർ വസിക്കുന്നയിടം പാലീഘട്ടും പിന്നീട് പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്.
തൃശൂർ
“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ വടക്കുനാഥ ക്ഷേത്രം ദക്ഷിണ കൈലാസം എന്നാണ് അറിയപ്പെടുന്നത്. തമിഴിൽ ബഹുമാനത്തെ സൂചിപ്പിക്കുന്ന തിരു എന്ന പദവും ശിവന്റെ പേരൂർ അഥവാ പെരിയഊര് പിന്നീട് തിരുശിവപേരൂർ എന്നും കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്. ഇതാണ് പിന്നീട് തൃശ്ശൂർ എന്നായി മാറിയത്. ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും ചെയ്തു.
എറണാകുളം
‘ദീർഘകാലം നീണ്ടുനിന്ന കുളം’ എന്നർത്ഥം വരുന്ന ‘ഏറെ നാൾ കുളം’ എന്ന മലയാള പദത്തിൽ നിന്നാണ് എറണാകുളം എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു. എറണാകുളത്തപ്പൻ ക്ഷേത്രം എന്നറിയപ്പെടുന്ന വളരെ പ്രശസ്തമായ ശിവക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് ‘എറണാകുളം’ എന്ന പേര് ലഭിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഇടുക്കി
മലയിടുക്ക് എന്നർത്ഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലക്ക് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.
കോട്ടയം
കോട്ടയ എന്ന വാക്കിൽ നിന്നാണ് കോട്ടയം എന്ന പേരുണ്ടായതെന്നാണ് പറയുന്നത്. കോട്ടയെന്ന വാക്കും അകമെന്ന വാക്കും ചേർന്ന് കോട്ടയ്ക്കകം എന്നർത്ഥത്തിലാണ് കോട്ടയ എന്ന വാക്കുണ്ടായത്. ഇതിൽ നിന്നാണ് കോട്ടയമെന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.
ആലപ്പുഴ
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. ആഴവും പുഴയും പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും വാദമുണ്ട്. ബുദ്ധമതത്തിൽ ആരാധിക്കുന്ന ആൽമരം ഈ പ്രദേശത്ത് കൂടുതലായിരുന്നുവെന്നും ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന പ്രദേശത്ത് പുഴകളും ഉണ്ടായിരുന്നതിനാൽ ഇത് ആലപ്പുഴയായി മാറുകയായിരുന്നുവെന്ന വാദവും നിലനിൽക്കുന്നുണ്ട്.
പത്തനംതിട്ട
നദിയുടെ തിട്ട അഥവാ നദിയുടെ കരയിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ അഥവാ ഭവനങ്ങൾ ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു.
കൊല്ലം
സംസ്കൃതത്തിൽ കുരുമുളക് എന്ന അർഥം വരുന്ന കൊല്ലം എന്ന വാക്കിൽ നിന്നാണ് ജില്ലയ്ക്ക് ഈ പേര് ലഭിച്ചതെന്ന് ഒരു വാദമുണ്ട്. കോവിലകം, ഇല്ലം എന്നീ വാക്കുകൾ സംയോജിച്ചുണ്ടായ കോയില്ലം എന്ന വാക്കിൽ നിന്നുമാണ് കൊല്ലത്തിൻറെ ഉദ്ഭവം എന്ന് മറ്റൊരു വാദവും നിലനിൽക്കുന്നു. സംസ്കൃത വാക്കായ കൊല്ലം എന്നതിന് ജലയാനം എന്നും അർഥമുണ്ടെന്നും തുറമുഖനഗരമായിരുന്നതിനാൽ ധാരാളം ജലയാനങ്ങൾ എത്തിച്ചേർന്നിരുന്നതിനാലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു കിട്ടിയതെന്ന അവകാശവാദവും നിലനിൽക്കുന്നു.
തിരുവനന്തപുരം
തിരുവനന്തപുരം എന്നതിലെ “തിരു” എന്നാൽ “ശ്രീ” എന്നാണ് അർത്ഥം. അങ്ങനെ ശ്രീ അനന്തപുരമാണ് ഇന്നത്തെ തിരുവനന്തപുരമായി മാറിയതെന്ന് പറയപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]