
‘വ്യാജ കേസിന് പിന്നിൽ മരുമകളുടെ സഹോദരി; ശ്രമം ഇറ്റലി യാത്ര മുടക്കുക, ഷീലയുടെ വണ്ടിയിൽ ലഹരി വച്ചതും ലിവിയ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ ജോസാണ് ലഹരിക്കേസിനു പിന്നിലെന്നും സഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളാണ് ലിവിയയെ പ്രകോപിപ്പിച്ചതെന്നും കൊടുങ്ങല്ലൂർ വി.കെ.രാജു മനോരമ ഓൺലൈനോട് പറഞ്ഞു. ഇവരെ രണ്ടാംപ്രതിയാക്കും. ഷീലയെ കള്ളക്കേസിൽ കുടുക്കിയതിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടും. നേരത്തേ ലിവിയയുടെ അറസ്റ്റ് തടഞ്ഞിരുന്നു.
ഷീലയെ കുടുക്കാനുപയോഗിച്ച ലഹരിസ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്കൂട്ടറിൽ വച്ചതും ലിവിയയാണെന്ന് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് മൊഴി നൽകിയിട്ടുണ്ട്. ഷീലയുടെ ഇറ്റലി യാത്ര മുടക്കാനായിരുന്നു കള്ളക്കേസ്. ലിവിയയ്ക്കു വ്യാജ എൽഎസ്ഡി സ്റ്റാംപ് കൈമാറിയതും ലിവിയയുടെ നിർദേശ പ്രകാരം എക്സൈസിനെ വിളിച്ചറിയിച്ചതും താനാണെന്നും നാരായണ ദാസിന്റെ മൊഴിയിലുണ്ട്.
ബെംഗളൂരുവിൽ പഠിക്കുകയായിരുന്ന ലിവിയയ്ക്ക് സ്പോൺസർ ഉണ്ടെന്നു കുടുംബത്തിനറിയാമായിരുന്നു. എന്നാൽ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. അന്വേഷണത്തിനിടെ, നാരായണ ദാസാണ് ലിവിയയുടെ സുഹൃത്തെന്നു പൊലീസ് കണ്ടെത്തി.
അതേസമയം, നാരായണ ദാസിനെ അറിയില്ലെന്നു ഷീല സണ്ണി പറഞ്ഞു. ‘‘വാർത്തകളിലൂടെയാണ് അയാളെക്കുറിച്ച് അറിഞ്ഞത്. എന്തിനുവേണ്ടിയാണ് അയാൾ ഇതു ചെയ്തതെന്ന് അറിയില്ല’’ – ഷീല മനോരമ ഓൺലൈനോട് പ്രതികരിച്ചു.
2023 ഫെബ്രുവരി 27 നാണ് ലഹരിമരുന്ന് കൈവശം വച്ചു എന്നാരോപിച്ച് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഷീല 72 ദിവസമാണ് ജയിൽവാസം അനുഭവിച്ചത്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.