
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് 10 കിലോമീറ്റർ ദൂരത്തിൽ ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പൂനമല്ലി, പോരൂർ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഡിസംബറോടെ ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചത്.
ഇതിനുമുൻപ് മുല്ലൈ തോട്ടം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയത്. രണ്ടാം ഘട്ട പദ്ധതി പുരോഗതിയുടെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് മാനേജിംഗ് ഡയറക്ടർ എം എ സിദ്ദിഖ് പറഞ്ഞു.
ചെന്നൈയിൽ ഇപ്പോൾ 54.1 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ ഉണ്ട്. 63,246 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതി മാധവരം, ഷോലിംഗനല്ലൂർ, ലൈറ്റ് ഹൗസ്, പൂനമല്ലി, സിരുസരി എന്നിവയുൾപ്പെടെ കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിക്കും. 118.9 കിലോമീറ്റർ ദൂരത്തിലാണ് രണ്ടാം ഘട്ടം. പദ്ധതിയിൽ 76.3 കിലോമീറ്റർ എലിവേറ്റഡ് ലൈനുകളും 42.6 കിലോമീറ്റർ ഭൂഗർഭ ലൈനുകളും ഉണ്ടായിരിക്കും.
മെട്രോയുടെ ഒന്നാം ഘട്ടം വിമാനത്താവളം, വിംകോ നഗർ, സെന്റ് തോമസ് മൗണ്ട്, ചെന്നൈ സെൻട്രൽ എന്നിവയെ ബന്ധിപ്പിക്കുന്നു. പ്രതിമാസ യാത്രക്കാരുടെ എണ്ണം 86.6 ലക്ഷത്തിലെത്തി. രണ്ടാം ഘട്ട പദ്ധതിയിൽ ആയിരക്കണക്കിന് ടെക്കികളുടെ കേന്ദ്രമായ ഐടി കോറിഡോർ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]