പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനെന്ന് വേടൻ, യഥാർഥമെന്ന് വനം വകുപ്പ്; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്, 2 ദിവസം കസ്റ്റഡിയിൽ
കൊച്ചി ∙ ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിനു പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പേരിൽ ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തു. വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെയാണ് വനംവകുപ്പിന്റെ നടപടി.
Latest News
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ വലിക്കുകയും കുടിക്കുകയുമൊക്കെ ചെയ്യുന്ന ആളാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം, പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനായ രഞ്ജിത് കുമ്പിടി എന്നയാളാണെന്നും അത് യഥാർഥ പല്ലാണോ എന്ന് അന്നും ഇന്നും അറിയില്ലെന്നും വേടൻ വനംവകുപ്പ് അധികൃതരോട് പറഞ്ഞു.
വേടനെ രണ്ടു ദിവസത്തേക്ക് വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടു.
ഇന്ന് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തിയേക്കും. വൈദ്യപരിശോധനകൾക്കു ശേഷം ഉച്ചയോടെയാണ് വേടനെ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. തന്റെ പുതിയ ആൽബം ഈ മാസം 30ന് റിലീസാകുകയാണെന്നും അതിനാൽ കസ്റ്റഡി ഒഴിവാക്കണമെന്നും വേടൻ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
Latest News
ഇന്നലെയാണ് തൃപ്പുണിത്തുറയിലെ താമസസ്ഥലത്തുനിന്ന് വേടൻ അടക്കം ഒൻപതു പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. എന്നാൽ വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും വനംവകുപ്പ് അധികൃതരെ അറിയിക്കുകയുമായിരുന്നു.
പ്രാഥമിക പരിശോധനയിൽത്തന്നെ ഇത് യഥാർഥമാണെന്ന് കണ്ടെത്തിയ വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് മൃഗവേട്ട, വനവിഭവങ്ങൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഇതിൽ വേട്ട ജാമ്യമില്ലാ കുറ്റമാണ്.
മൃഗവേട്ടയിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ ഈ വകുപ്പ് ഒഴിവാക്കും. യഥാർഥ പല്ലാണോ എന്നറിയാതെയാണ് കൈവശം വയ്ക്കുന്നതെങ്കിൽ പോലും അതു കുറ്റകരമാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Music News
2022ൽ ചെന്നൈയിൽ നടത്തിയ ഷോയ്ക്കിടെയാണ് രഞ്ജിത് എന്ന ആരാധകൻ തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ എക്സൈസിനോട് പറഞ്ഞത്. രഞ്ജിത്തുമായി സമൂഹമാധ്യമം വഴിയാണ് വേടന് ബന്ധം.
ശ്രീലങ്കൻ വംശജനായ ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതാണെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ.അതീഷ് പറഞ്ഞു. വേടന്റെ അമ്മയും ശ്രീലങ്കൻ വംശജയാണെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിതുമായി ബന്ധപ്പെടാൻ വനംവകുപ്പ് അധികൃതർ ശ്രമിച്ചു വരികയാണ്. വേടൻ അന്വേഷണവുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അതീഷ് വ്യക്തമാക്കി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]