
കൊച്ചി: ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് നടന് ശ്രീനാഥ് ഭാസി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്.
അതേസമയം, ലഹരി വിമുക്ത ചികിത്സപൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ചോദ്യം ചെയ്യൽ ഇന്നും തുടരും
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. റിയാലിറ്റി ഷോ താരം ജിൻ്റോ , സിനിമാ നിർമാതാവിൻ്റെ സഹായി ജോഷി എന്നിവർക്കാണ് ഇന്ന് ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയത്. തസ്ലീമയുമായി ഇവരുവർക്കും ഉള്ള സാമ്പത്തിക ഇടപാട് ഏത് തരത്തിൽ ആണെന്നതിൽ വ്യക്തത വരുത്താൻ ആണ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. അതേസമയം കേസിൽ സംശയ നിഴലിലായിരുന്ന സിനിമ നടൻമാർക്കും മോഡലിനും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ കെ സൗമ്യ എന്നിവരെ ഇന്നലെ പന്ത്രണ്ട് മണിക്കൂറോളമാണ് എക്സൈസ് ചോദ്യം ചെയ്തത്. എന്നാൽ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ല. ലഹരിക്ക് അടിമയാണെന്ന് തുറന്ന് പറഞ്ഞ ഷൈൻ ടോം ചാക്കോ യെ കുടുംബത്തിന്റെ കൂടി ആവശ്യം പരിഗണിച്ച് ചികിത്സയ്ക്കായി തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയായിരുന്നു ആലപ്പുഴ ഓമനപ്പുഴയിൽ നിന്ന് രണ്ടു കിലോയിലധികം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പേരും റിമാൻഡിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]