
കുത്തിവയ്പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറു വയസ്സുകാരി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ പ്രതിരോധ കുത്തിവയ്പെടുത്തിട്ടും ബാലിക മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി.സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് (6) കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരിച്ചത്. മാർച്ച് 29നാണു സിയ അടക്കം 6 പേർക്കു പട്ടിയുടെ കടിയേറ്റത്. 2 മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനി വന്നതിനെത്തുടർന്നു ചികിത്സ തേടിയ സിയയ്ക്ക് 4 ദിവസം മുൻപാണു പേവിഷബാധ സ്ഥിരീകരിച്ചത്.
29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ചു സിയയെ പട്ടി കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പിൽപ്പീടികയിൽ 2 പേരെയും വട്ടപ്പറമ്പ്, വടക്കയിൽമാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കൽ കോളജിലെത്തി 2 മണിക്കൂറിനകം കുത്തിവയ്പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.
ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂർ വിശ്രമം നിർദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സിയയെ 2 ദിവസത്തിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുൻപു പനി വന്നത്. തുടർന്ന് 2 ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിൾ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് 5 പേർക്കും അസ്വസ്ഥതകളൊന്നുമില്ല.