
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
ഏറനാടിന്റെയും വള്ളുവനാടിന്റെയും മാമ്പൂമണങ്ങള് പങ്കിടുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. അമ്മ വീട്ടിലെ അവധിക്കാലം പറങ്കിപ്പൂക്കളും അച്ഛന് വീട്ടിലേത് മാമ്പൂക്കളും പകുത്തുപങ്കിട്ടിരുന്നു. അമ്മ വീട്ടിലെ പൂരക്കാലം കഴിയുമ്പോഴാകും മിക്കവാറും അച്ഛന് വീട്ടിലെ താലപ്പൊലിക്കാലം തുടങ്ങുക. പൂരത്തില്‍ നിന്നു താലപ്പൊലിയിലേക്കുള്ള വിരുന്നും അവധിക്കാലത്ത് തന്നെയാണുണ്ടാകുക.
കൊല്ലപ്പരീക്ഷക്കാലമാകുമ്പോഴേക്കും പൂവിട്ടു തുടങ്ങുന്ന പറങ്കിമാവുകള്‍ വരാന്‍പോകുന്ന അവധിക്കാലത്തെ കുറിച്ചുള്ള സൂചനകളായിരുന്നു. പരീക്ഷ കഴിയുന്നതോടെ അവിടവിടെ പറങ്കിമാങ്ങകള്‍ പഴുക്കാന്‍ തുടങ്ങും. പിന്നെ കശുവണ്ടി പെറുക്കി കൂട്ടുന്ന പണി കുട്ടികള്‍ക്കുള്ളതാണ്. ഓരോ പറങ്കിമാവിന്റേയും മാങ്ങകളും അതിലെ കശുവണ്ടികളും ഓരോതരം ആയിരിക്കും. മഞ്ഞയും ചുവപ്പും നിറത്തില്‍ മാങ്ങകളുള്ള ഒരുപാട് പറങ്കിമാവുകള്‍ അന്ന് വീടിന്റെ ചുറ്റുമുള്ള തൊടിയില്‍ ഉണ്ടായിരുന്നു. ഓരോ പറങ്കി മാവിനും പേരുകളുണ്ടായിരുന്നു – ഊഞ്ഞാല് പര്ങ്കൂച്ചി – വീണ പര്ങ്കൂച്ചി – ചോപ്പന് പര്ങ്കൂച്ചി – കുഞ്ഞിപ്പര്ങ്കൂച്ചി – തള്ളപ്പര്ങ്കൂച്ചി – മഞ്ഞപ്പര്ങ്കൂച്ചി – കാറപ്പര്ങ്കൂച്ചി – എന്നിങ്ങനെ. വൈകുന്നേരം നാലുമണിയോടെയാണ് കുട്ടിക്കൂട്ടങ്ങള്‍ മുളങ്കുട്ടകള്‍ എടുത്ത് പറങ്കി മാങ്ങകളും കശുവണ്ടിയും പൊറുക്കാന്‍ പോവുക. കുട്ടയില്‍ മാങ്ങകള്‍ പെറുക്കിക്കൂട്ടി പാറപ്പുറത്ത് കുന്നു കൂട്ടും. കശുവണ്ടി പിരിച്ചെടുക്കല്‍ പിന്നീടാണ്. പഴുപ്പധികമായ മാങ്ങകള്‍ കാല്‍ച്ചോട്ടില്‍ ചവിട്ടിപ്പിടിച്ചാണ് കശുവണ്ടി പിരിച്ചെടുക്കുക . അല്ലെങ്കില്‍ വെളുത്ത നിറത്തിലുള്ള കുഞ്ഞുകുഞ്ഞു പുഴുക്കള്‍ വിരലിടുക്കിലൂടെ അരിച്ചരിച്ചു കയറി അറപ്പുണ്ടാക്കി മടുപ്പിക്കും. പറങ്കിമാങ്ങകള്‍ പച്ചീര്‍ക്കിലില്‍ കോര്‍ത്ത് മാങ്ങാ മാലകളായി രണ്ട് കൈയിലും നീട്ടിപ്പിടിച്ച് തിരികെ വരുന്ന കാഴ്ച മനോഹരം തന്നെയായിരുന്നു.
പിന്നീടവ ഞെട്ടി ചെത്തി ചെറുതാക്കി മുറിച്ച് ഉപ്പും കുരുമുളകും കൂട്ടി വട്ടത്തിലിരുന്നു കഴിക്കുമ്പോള്‍ മധുരം സ്നേഹം കൂടി ചേര്‍ന്ന് ഇരട്ടിക്കുമായിരുന്നു . അപ്പുറത്തെ ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാര്‍ വൈകുന്നേരങ്ങളില്‍ പറങ്കിമാങ്ങാ മാലകളുമായി വീടുകളിലേക്കു മടങ്ങാറുമുണ്ടായിരുന്നു.
റോഡരികിലെ മാവുകളിലെ പറങ്കിമാങ്ങകളിലൊന്നും കശുവണ്ടിയുണ്ടാകില്ല. വഴിയോരത്തെ കശുവണ്ടികള്‍ കട്ടുവിറ്റു പോക്കറ്റ് മണിയുണ്ടാക്കുന്ന സംരംഭകരുടെ കാലമായിരുന്നു അത്.
പൂക്കള്ക്കുള്ളതു പോലെ തന്നെ വ്യത്യസ്തമായ മണമായിരുന്നു പറങ്കി മാങ്ങകള്‍ക്കും. അഴുകിത്തുടങ്ങുമ്പോള്‍ അവയിലെ നുരച്ചു പൊങ്ങുന്ന പുഴുക്കള്‍ കയ്യിലുണ്ടാക്കുന്ന അനുഭവം അത്ര ഹൃദ്യമായിരുന്നില്ല. ചുരുണ്ടതലമുടി നിറയെ ഇറുകിപ്പിടിച്ച പറങ്കിമാവിന്‍ പൂക്കളുമായി ഓരോ പറങ്കിമാവിന്റെയും ചുവട്ടില്‍ നിന്നും തിരികെ എത്തുന്നതിനേക്കാള്‍ സാഹസം താഴ്ന്നു കിടക്കുന്ന പറങ്കിമാവിന്‍ ചുള്ളികളില്‍ കൊളുത്തിക്കുരുങ്ങിയ തലമുടിയെ രക്ഷപ്പെടുത്തുന്നതായിരുന്നു. അഴിച്ചു വിതറിയിട്ട തലമുടി വേര്പ്പെടുത്താനൊന്നും നില്‍ക്കാതെ വലിച്ചു മുന്നോട്ടു പോകുകയായിരുന്നു അന്നത്തെ രീതി. അതിസാഹസികമായി ചുള്ളിക്കമ്പുകളൊക്കെ ഒടിച്ചിട്ടു തന്നെയാവും ചിലപ്പോഴാ രക്ഷപ്പെടല്‍!
കശുവണ്ടി പെറുക്കി നടക്കുന്ന കാലം കഥകളുടേതു കൂടിയായിരുന്നു. കശുവണ്ടി പെറുക്കാന്‍ സഹായികളായി തൊട്ടയല്പക്കത്തെ കുട്ടികളും വരുമായിരുന്നു. അവര്‍ കണ്ട സിനിമകളെ കുറിച്ചുള്ള കഥകളൊക്കെ ഓരോ ദിവസവും പറയുമായിരുന്നു. രണ്ടര മണിക്കൂര്‍ സിനിമയുടെ കഥ തീരുമ്പോഴേക്കും അന്നത്തെ പെറുക്കല്‍ കഴിഞ്ഞിട്ടുണ്ടാകും. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടിയും നായര്‍ സാബും സാമ്രാജ്യവുമൊക്കെ കേട്ടു കണ്ടത് പറങ്കി മാഞ്ചോട്ടിലൂടെ ഒഴുകി നടന്ന ആ അവധിക്കാലങ്ങളിലായിരുന്നു. നോവല്‍ വായിക്കുന്ന പോലെയോ സിനിമ കാണും പോലെയോ മനോഹരം തന്നെയായിരുന്നു ആ കഥ കേള്‍ക്കലും. ഓരോ പറങ്കിമാവിന്ചോട്ടില് നിന്നും കശുവണ്ടി പെറുക്കി അടുത്ത പറങ്കിമാവിന്‍ ചോട്ടിലേക്ക് എത്തുമ്പോഴും ഒരു രംഗം മൂലം വിടാതെ തുടര്‍ച്ചയായി കഥ പറഞ്ഞിരുന്ന ആ പറച്ചിലുകാരന് കേള്‍വിക്കാരും പലരുണ്ടായിരുന്നു.
ചില പറങ്കിമാങ്ങകള്ക്ക് അപാരമായ രുചിയുണ്ടായിരുന്നു. അത്തരം മാഞ്ചോട്ടിലെത്തുമ്പോള്‍ ആദ്യത്തെ പണി പറങ്കിമാങ്ങകള്‍ പറിച്ചു കഴിക്കുകയാണ്. കശുവണ്ടി ഉരിഞ്ഞെടുത്ത് ഞെട്ടി കടിച്ച് പുറത്തേക്കിട്ട് ഓരോ ചീന്തുകളായി കടിച്ചെടുത്ത് കുപ്പായത്തിലേക്ക് നീര് വീഴ്ത്താതെ കുനിഞ്ഞു നിന്ന് സാഹസികമായിട്ടായിരുന്നു പറങ്കിമാങ്ങാ തീറ്റ. എത്ര കരുതലുണ്ടായാലും പറങ്കിമാങ്ങാക്കാലം കഴിയുമ്പോഴേക്കും കറപിടിച്ച് ഉപയോഗശൂന്യമായി പല പല പ്രിയപ്പെട്ട കുപ്പായങ്ങളും ആ കുട്ടിക്കൂട്ടത്തിന് ഉപേക്ഷിക്കേണ്ടി വരുമായിരുന്നു.
ചില മാവുകള്‍ക്ക് സമാന്തരമായ കൊമ്പുകളുണ്ടാകും. കൊമ്പിലൂടെ മുകളറ്റത്തെ കൊമ്പും പിടിച്ചുള്ള നടത്തം ഒരു പ്രത്യേക തരം ഊഞ്ഞാലാട്ടം തന്നെയായിരുന്നു. വണ്ടിക്കളികളും കണ്ടക്ടര്‍ കളികളും ബഹിരാകാശയാത്രകളുമൊക്കെ ആ മരത്തില്‍ നടക്കും. പറങ്കിമാങ്ങകള്‍ പഴുക്കുന്ന കാലത്ത് തന്നെയാകും പറങ്കിമാവിന്റെ ഇലകളില്‍ വലിയ പൂമ്പാറ്റകള്‍ മുട്ടയിട്ടു പോകാറ്. മാങ്ങകള്‍ തിരഞ്ഞു നടക്കുന്നതിനിടയില്‍ കണ്ണില്‍ തടയുന്ന അത്തരം മുട്ടകളെ നൂലില്‍ കെട്ടി വീടിന്റെ ചുമരില്‍ കെട്ടിത്തൂക്കി ആ മുട്ട വിരിഞ്ഞ പൂമ്പാറ്റകള്‍ ചിറകു വിരിച്ച് പുറത്തുവരുന്നത് കാത്തിരിക്കുക എന്നത് ഗര്‍ഭകാലം പോലെ പവിത്രമായ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ കൂടിയായിരുന്നു. മൂന്നാം ക്ലാസിലെ ‘ഞാന്‍’ എന്ന കവിതയ്ക്കൊപ്പം വന്ന ചിത്രത്തില്‍ കണ്ടപോലെ മഞ്ഞയും കറുപ്പും നിറത്തില്‍ ചിറകുകളും വട്ടക്കണ്ണുകളുമുള്ള മനോഹരിയായൊരു പൂമ്പാറ്റ വിരിഞ്ഞിറങ്ങിയ നിമിഷം ഇന്നും ഓര്‍മ്മയിലുണ്ട്. ഒരുമിച്ച് മൂന്നു പൂമ്പാറ്റ മുട്ടകള്‍ കിട്ടിയതും അക്കൊല്ലമായിരുന്നു.
അതിനിടയ്ക്ക് പെട്ടെന്നുപെയ്തൊരു ഇടിമഴയ്ക്കൊപ്പമാണ് തൊട്ടടുത്ത പറമ്പില്‍ നിറയെ കൂണ് പൊട്ടിവിരിഞ്ഞത്. കൂണ് പറിക്കാന്‍ ചാക്കുമായി കുട്ടിസംഘങ്ങള്‍ വരിവരിയായി പോയതും കുടനീട്ടി നിന്നിരുന്ന കൂണുകള്‍ പറിച്ച് ചാക്കിലാക്കി കൊണ്ടുവന്നതും മൂന്നാല് ചാക്കുകള്‍ നിറയെ കൂണ് കണ്ടു വീട്ടുകാര്‍ അതിശയപ്പെട്ടതും ഇന്നും ഓര്‍മ്മയുണ്ട്. പിന്നീടൊരിക്കലും അത്രയും കൂണ് കിട്ടിയിട്ടേയില്ല. ഇപ്പോഴും നീല കളറുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ തണുത്ത കൂണ് വാങ്ങി വീട്ടില്‍ എത്തുമ്പോള്‍ ഓര്‍ക്കാറുണ്ട് ആ വേനല്‍ക്കാലത്തെ കൂണ് വിസ്മയത്തെ.
പറങ്കി മാങ്ങകള്‍ പലതരത്തിലും കഴിക്കാറുണ്ടായിരുന്നു. നീര് പിഴിഞ്ഞെടുത്തുണ്ടാക്കുന്ന കടിച്ചപര്ച്ചിയും കശുവണ്ടി ചുട്ടു പൊട്ടിച്ച് കഴിക്കുന്ന പരിപ്പും വറുത്തു പൊട്ടിച്ചുണ്ടാക്കുന്ന അണ്ടിപ്പുട്ടും അവധിക്കാലത്തിന്റെ രുചിയോര്‍മ്മകളാണ്. ഓരോ രുചിക്കുമൊപ്പവും വിരുന്നുകാരായി വരുന്ന കുട്ടികളുമുണ്ടാകും. പലരും വിരുന്നു കഴിഞ്ഞു പോകുമ്പോള്‍ വറുത്തെടുക്കാനുള്ള കശുവണ്ടിയും പറങ്കിമാങ്ങയുമൊക്കെയായാണ് തിരികെ പോകുക . അന്ന് അതിശയിച്ചിരുന്നു, തൊടിയിലുപേക്ഷിച്ചു പോരുന്ന ഈ പറങ്കിമാങ്ങകള്‍ ഇവരൊക്കെ എന്തിനാണ് കവറിലാക്കി കൊണ്ടു പോകുന്നതെന്ന്.
കശുവണ്ടി വിറ്റു കിട്ടിയാല്‍ അതിലൊരോഹരി അണ്ടി പെറുക്കിയ കുട്ടികള്‍ക്കുള്ളതാണ്. കശുവണ്ടിയുടെ മാര്‍ക്കറ്റ് റേറ്റിനനുസരിച്ചിരിക്കും ആ വിഹിതം. ജീവിതത്തില്‍ ആദ്യമായി കിട്ടിയ ശമ്പളം അവധിക്കാലത്തെ ആ കശുവണ്ടി പെറുക്കലിനായിരുന്നു. പത്തു പതിനഞ്ചു കൊല്ലങ്ങള്‍ക്കു ശേഷം ആദ്യം വാങ്ങിയ ഔദ്യോഗികശമ്പളവും അതും തമ്മില്‍ ഒറ്റയുടെ സ്ഥാനത്തെ ഒരു പൂജ്യത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
മഴക്കാലത്ത് ഇലകള്‍ക്കിടയില്‍ മറഞ്ഞു കിടന്ന് മുളച്ചുപൊങ്ങുന്ന കശുവണ്ടിപ്പരിപ്പിനെ അണ്ടിപ്പൊങ്ങെ ന്നായിരുന്നു വിളിച്ചിരുന്നത്. ഇരുവശത്തുനിന്നും അത് പൊട്ടിച്ചെടുത്ത് കറുമുറെ ചവച്ച് തിന്നുമ്പോള്‍ മഴ പോലെ കുളിരുള്ള രുചി അനുഭവപ്പെട്ടിരുന്നു. കൊല്ലങ്ങള്‍ക്ക് ശേഷം പറങ്കിമാന്തോട്ടത്തില്‍ നിന്നും നാട്ടില്‍ നിന്നും ഒരുപാട് ദൂരേക്കെത്തിയെങ്കിലും പറമ്പുകളില്‍ പൂത്തുനില്ക്കുന്ന പറങ്കിമാവുകാണുമ്പോഴും പറങ്കി പ്പൂക്കള്‍ മണക്കുമ്പോഴും ഓര്‍മ്മകള്‍ വീണ്ടും കുട്ടിക്കാലത്തെ അവധിക്കാലത്തേക്ക് തലമുടി അഴിച്ചിട്ടോടും. പറങ്കിമാവിന്‍ കൊമ്പില്‍ കൈ കൊളുത്തിപ്പിടിച്ചാടും. കാലു മടക്കി കൊമ്പില്‍ ചുറ്റി ശീര്ഷാസനത്തില് കിടന്ന് കാഴ്ചകളെ തലകുത്തിക്കും. ചുള്ളികളില്‍ കുടുങ്ങിയ തലമുടി പിടിച്ചു പറിച്ചെടുക്കാതെ വീണ്ടും വീണ്ടും ഓര്‍മ്മകളില്‍ തന്നെ കുരുങ്ങിക്കിടക്കും.
ഓര്‍മ്മയില്‍ ഒരവധിക്കാലം: മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]