

First Published Apr 28, 2024, 7:01 PM IST
അഹമ്മദാബാദ്: ഐപിഎല്ലിലെ ജീവന്മരണപ്പോരാട്ടത്തില് ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. ഗുജറാത്ത് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് വെടിക്കെട്ട് സെഞ്ചുറിയടിച്ച വില്‍ ജാക്സും(41 പന്തില്‍ 100*)അര്‍ധസെഞ്ചുറിയുമായി ചേസ് മാസ്റ്റര്‍ വിരാട് കോലിയും(44 പന്തില്‍ 70*) ചേര്‍ന്നാണ് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. ഈ സീസണില്‍ ആദ്യമായാണ് ആര്‍സിബി തുടര്‍ച്ചയായി രണ്ട് മത്സരം ജയിക്കുന്നത്. ജയിച്ചെങ്കിലും ആറ് പോയന്റുള്ള ആര്‍സിബി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഗുജറാത്ത് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 200-3, ആര്‍സിബി 16 ഓവറില്‍ 206-1.
വില്‍ ജാക്സ് വെടിക്കെട്ട്
201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്കായി ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ നാലോവറില്‍ 40 റണ്‍സടിച്ച് തകര്‍പ്പൻ തുടക്കമിട്ടു. 12 പന്തില്‍ 24 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ സായ് കിഷോര്‍ മടക്കിയെങ്കിലും ആര്‍സിബിയുടെ സ്കോറിംഗ് വേഗം കുറയാതെ കാത്ത കോലിയും വണ്‍ ഡൗണായി എത്തിയ വില്‍ ജാക്സും ചേര്‍ന്ന് പവര്‍പ്ലേയില്‍ അവരെ 61 റണ്‍സിലെത്തിച്ചു. തുടക്കത്തില്‍ വില്‍ ജാക്സ് സ്പിന്നര്‍മാര്‍ക്കെതിരെ റണ്ണടിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ നൂര്‍ അഹമ്മദിനെയും ഫലപ്രദമായി നേരിട്ട കോലി ആര്‍സിബിയുടെ സ്കോറുയര്‍ത്തി. പതിനൊന്നാം ഓവറില്‍ ആര്‍സിബി 100 കടക്കുന്നതിന് തൊട്ടു മുമ്പ് 32 പന്തില്‍ വിരാട് കോലി അര്‍ധസെഞ്ചുറി തികച്ചു. അവസാന ആറോവറില്‍ 53 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വില്‍ ജാക്സ് മോഹിത് ശര്‍മ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 29 റണ്‍സടിച്ചതോടെ ആര്‍സിബിയുടെ ലക്ഷ്യം 30 പന്തില്‍ 24 റണ്‍സായി. റാഷിദ് ഖാൻ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത് സീസണില്‍ 500 റണ്‍സ് പിന്നിട്ട കോലിക്ക് പിന്നാലെ റാഷിദിനെ നാല് സിക്സും ഒരു ഫോറും പറത്തിയ വില്‍ ജാക്സ് 40 പന്തില്‍ സെഞ്ചുറി തികച്ച് ആര്‍സിബിയെ ജയത്തിലെത്തിച്ചു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വില്‍ ജാക്സ് പിന്നീട് നേരിട്ട 10 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.
King Kohli in his zone 🔥💥
— JioCinema (@JioCinema)
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്റെയും ഷാരൂഖ് ഖാന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തത്. തുടക്കത്തില്‍ 45-2 എന്ന സ്കോറില്‍ പതറിയശേഷം തിരിച്ചടിച്ച സായ് സുദര്‍ശനും ഷാരൂഖ് ഖാനും ചേര്‍ന്നാണ് ഗുജറാത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.സായ് സുദര്ശൻ 49 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷാരൂഖ് ഖാന് 30 പന്തില്‍ 58 റണ്‍സടിച്ചു. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.ക്യാപ്റ്റൻ് ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തി. ആര്‍സിബിക്കായി മാക്സ്വെല്ലും മുഹമ്മദ് സിറാജും സ്വപ്നില്‍ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Will Jacks was 44*(29) then 4,6,6,2,6,4,0,1,6,6,4,6,6 and completed Hundred from just 41 balls. 😱
— Johns. (@CricCrazyJohns)
Last Updated Apr 28, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]