
ദില്ലി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി ദില്ലി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജി വച്ചു. കനയ്യ കുമാറിന്റേതടക്കം സ്ഥാനാര്‍ത്ഥിത്വത്തിലും ആംആദ്മി പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തിലും പ്രതിഷേധിച്ചാണ് രാജി. സംഘടന തലത്തിലെ പ്രശ്നങ്ങളില്‍ കലഹിച്ചുള്ള രാജിയോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. ദില്ലി വിധിയെഴുതാന്‍ 27 ദിവസം മാത്രം ശേഷിക്കേ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി പിസിസി അധ്യക്ഷന്റെ പടിയിറക്കം.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കയച്ച നാല് പേജുള്ള രാജിക്കത്തില്‍ അരവിന്ദര്‍ സിങ് ലവ് ലി എണ്ണമിടുന്ന കാരണങ്ങളില്‍ കനയ്യ കുമാറിന്റെയും, ദളിത് കോൺഗ്രസ് നേതാവ് ഡോ ഉദിത് രാജിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിലുള്ള പ്രതിഷേധമാണ് പ്രധാനമായും എടുത്ത് പറയുന്നത്. ദില്ലി നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായി ഇരുവരെയും കെട്ടിയിറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
പരസ്യ പ്രതിഷേധം നിലനില്‍ക്കേ പ്രഖ്യാപനത്തിന് മുന്‍പ് പിസിസി അധ്യക്ഷനായ തന്നോട് ഒരു വാക്ക് പോലും എഐസിസി നേതൃത്വം സംസാരിച്ചില്ല. കോണ്‍ഗ്രസിനെ അപമാനിക്കും വിധം കനയ്യ കുമാര്‍ അരവിന്ദ് കെജരിവാളിനെ പുകഴ്ത്തി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും ലാവ് ലി ആരോപിക്കുന്നു. കോൺഗ്രസിനെ അഴിമതി പാര്‍ട്ടിയെന്ന് നിരന്തരം അപമാനിച്ചിരുന്ന ആംആദ് മി പാര്‍ട്ടിയുമായുള്ള സഖ്യം ദില്ലിയിലെ നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ദഹിച്ചിരുന്നില്ല. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് വഴങ്ങി ഒടുവില്‍ സഖ്യം അംഗീകരിക്കുകയായിരുന്നു.
2003 ഓഗസ്റ്റില്‍ പിസിസി അധ്യക്ഷനായി ചുമതലയേറ്റ തനിക്ക് സംഘടനയെ ചലിപ്പിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും ദില്ലിയുടെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ തീരുമാനങ്ങള്‍ മരവിപ്പിക്കുകയാണെന്നും ലവ് ലി ആക്ഷേപിക്കുന്നു. പുനസംഘടന നടത്താന്‍ അനുവദിക്കാത്തതിനാല്‍ ദില്ലിയിലെ 150 ഓളം ബ്ലോക്ക് കമ്മിറ്റികള്‍ അധ്യക്ഷന്മാരില്ലാതെ നിര്‍ജ്ജീവമാണെന്നും രാജിക്കത്തില്‍ പറയുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ലവ്ലിയുടെ തുടര്‍നീക്കങ്ങള്‍ വ്യക്തമല്ലെങ്കിലും ഘര്‍വാപസിയെന്ന് അഭ്യൂഹങ്ങളുണ്ട്. ദില്ലിയില്‍ തിരിച്ചടിയുണ്ടാക്കുന്നതിനൊപ്പം സിഖ് സമുദായംഗമായ ലവ്ലിയുടെ രാജി പഞ്ചാബിലും കോണ്‍ഗ്രസിന് ക്ഷീണമായേക്കാം.
Last Updated Apr 28, 2024, 2:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]