
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്. ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് അതിജീവിത 24 നോട് പറഞ്ഞു. ഐജി നൽകിയ ഉറപ്പ് വെറും വാക്കായെന്നും അതിജീവിത പറഞ്ഞു.
ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതി നൽകി ഒരു വർഷം ആകുമ്പോഴും അതിജീവിതയ്ക്ക് റിപ്പോർട്ട് നൽകിയിട്ടില്ല. വിവരാവകാശം നൽകിയെങ്കിലും ലഭ്യമായില്ല. ഇതേ തുടർന്ന് കമ്മീഷണർ ഓഫീസിനു മുന്നിൽ നടത്തി വന്ന സമരം കഴിഞ്ഞ 24 ന് അവസാനിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉത്തര മേഖല ഐജി ഇടപെട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും നടപടി ഇല്ലാത്തതിനാലാണ് വീണ്ടും സമര രംഗത്തേക്ക് വരുന്നത്.
വിഷയത്തിൽ അതിജീവിത ഹൈക്കോടതിയിൽ സങ്കട ഹർജി നൽകിയിട്ടുണ്ട്. 2023 മാർച്ച് 18 ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അറ്റൻഡർ എം എം ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്.
Story Highlights : ICU sexual assault case survivor protest continues
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]