
‘5000 മരണമെങ്കിലും സംഭവിച്ചിട്ടുണ്ട്, വൈദ്യുതിയും കുടിവെള്ളവും ഇല്ല’: മ്യാൻമറിലെ ഭൂകമ്പത്തിൽ കുടുങ്ങി ബൈജു കൊട്ടാരക്കര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നയ്പീഡോ (മ്യാൻമർ) ∙ വാർത്തകളിൽ കാണുന്നതിനെക്കാൾ ഭീകരമാണു ഭൂകമ്പബാധിതമായ സാഹചര്യമെന്ന് അവിടെ കുടുങ്ങിയ ബൈജു കൊട്ടാരക്കര. മ്യാൻമറിൽനിന്നു നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭൂകമ്പമുണ്ടായതെന്നും യാത്ര മാറ്റിവയ്ക്കേണ്ടി വന്നെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
‘‘ഇന്നലെ നാട്ടിലേക്കു മടങ്ങും വഴി ഉച്ചയ്ക്ക് 12.50 നാണ് ഭൂകമ്പം ഉണ്ടാകുന്നത്. വാഹനം ചെറുതായി കുലുങ്ങി. ആ സമയത്ത് വാഹനം മേൽപാലത്തിലൂടെ പോകുകയായിരുന്നു. അതുകൊണ്ടായിരിക്കും കുലുക്കമെന്നാണ് വിചാരിച്ചത്. എന്നാൽ പിന്നീട് 25 കിലോമീറ്ററോളം റോഡ് ബ്ലോക്കായി. വാർത്ത നോക്കിയപ്പോഴാണ് ഭൂകമ്പ വിവരം അറിയുന്നത്. ഏഴര മണിക്കൂർ വാഹനത്തിലിരിക്കേണ്ടി വന്നു. പിന്നീട് രണ്ടര മണിക്കൂറോളം നടന്നാണ് ഹോട്ടലിൽ തിരിച്ചെത്തിയത്. രാത്രി 2 മണിയോടെ ഹോട്ടൽ അധികൃതർ അവിടെനിന്നു മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ചെറിയൊരു ഹോട്ടലിലേക്ക് മാറി. 15 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
60 നിലയുള്ള ഹോട്ടലിലെ റൂഫ്ടോപ് സിമ്മിങ് പൂൾ തകർന്ന് വെള്ളം താഴോട്ട് ഒഴുകുന്നതും നടപ്പാതകൾ പൊളിഞ്ഞുവീഴുന്നതും കണ്ടു. നൂറോളം വീടുകളിൽ വിള്ളലുകൾ ഉണ്ടായി. ആശുപത്രി തകർന്നു മ്യാൻമറിലും തായ്ലൻഡിലുമായി ആയിരത്തോളം ആളുകൾ മരിച്ചതായാണ് വാർത്തയിൽ പറയുന്നത്. എന്നാൽ ഇവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അയ്യായിരത്തോളം മരണമെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആയിരത്തിലേറെപ്പേർ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണു വിവരം.
റോഡുകൾ തകരുകയും ട്രെയിൻ സർവീസ് നിർത്തലാക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതിയും കുടിവെള്ളവും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പൊലീസിന്റെ പ്രവർത്തനം വളരെ മോശമാണ്. രക്ഷാപ്രവർത്തനത്തിന് മറ്റ് ഏജൻസികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സൈനികർ മൃതദേഹങ്ങൾ വലിച്ചു കൊണ്ടുപോകുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. സൗകര്യങ്ങളുടെ അപര്യാപ്തതയും രക്ഷാപ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും സാഹചര്യം വഷളാക്കുന്നുണ്ട്’’ – ബൈജു കൊട്ടാരക്കര പറഞ്ഞു.