
‘വാതിൽപ്പടി’ കോഴക്കേസിൽ 16 വർഷത്തിനു ശേഷം വിധി; വിരമിച്ച ജസ്റ്റിസ് നിർമൽ യാദവ് കുറ്റവിമുക്ത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചണ്ഡിഗഡ്∙ ‘വാതിൽപ്പടി’ കോഴക്കേസിൽ ആരോപണം നേരിട്ട പഞ്ചാബ് – ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി നിർമൽ യാദവ് കുറ്റവിമുക്ത. ചണ്ഡീഗഡിലെ പ്രത്യേക സിബിഐ കോടതിയാണ് നിർമൽ യാദവിനെ കുറ്റവിമുക്തയാക്കിയത്. 16 വർഷം മുമ്പ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പിടിച്ചുകുലുക്കിയ കേസിലാണ് സുപ്രധാന വിധി. നീതിന്യായ സംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്ന് നിർമൽ യാദവ് പ്രതികരിച്ചു.
കൂട്ടുപ്രതികളായ രവീന്ദ്രസിങ് ഭാസിൻ, രാജീവ് ഗുപ്ത, നിർമൽ സിങ് എന്നിവരെയും പ്രത്യേക കോടതി ജഡ്ജി അൽക മാലിക് കേസില്‍നിന്ന് ഒഴിവാക്കി. കേസിൽ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാളായ സഞ്ജീവ് ബൻസാൽ വിചാരണയ്ക്കിടെ മരിച്ചിരുന്നു. തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കേസിൽനിന്ന് എല്ലാവരെയും ഒഴിവാക്കിയത്.
2008 ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ് – ഹരിയാന ജഡ്ജിമാരില്‍ ഒരാളായ നിര്‍മല്‍ജിത് കൗറിന്റെ വീട്ടുപടിക്കല്‍ ഒരാള്‍ 15 ലക്ഷം രൂപയടങ്ങിയ ബാഗ് എത്തിക്കുകയായിരുന്നു. അന്നത്തെ ഹരിയാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സലിന്റെ ക്ലര്‍ക്കാണ് ബാഗ് എത്തിച്ചത്. അമ്പരന്നുപോയ ജസ്റ്റിസ് കൗര്‍ പ്യൂണിനോട് വിവരം പൊലീസില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു. ഉടൻ തന്നെ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ബൻസൽ ജസ്റ്റിസ് നിർമൽ കൗറിനെ വിളിച്ചു ആളുമാറിപ്പോയതാണെന്ന് അറിയിച്ചു. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായ നിർമൽ യാദവിനാണ് പണം കൊടുത്തയച്ചതെന്ന് അദ്ദേഹം അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചണ്ഡിഗഡ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പിന്നീട് കേസ് സിബിഐക്ക് കൈമാറി. ആരോപണം നേരിട്ടതിനെ തുടർന്ന് ജസ്റ്റിസ് നിർമൽ യാദവിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 2009 ഡിസംബറിൽ സിബിഐ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ 2010 മാർച്ചിൽ സിബിഐ കോടതി റിപ്പോർട്ട് നിരസിക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കേ ജസ്റ്റിസ് നിർമൽ യാദവ് വിരമിക്കുന്ന ദിവസം അവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിനെതിരെ നിർമൽ യാദവ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായില്ല.
കേസിൽ 84 സാക്ഷികളെ വിസ്തരിക്കാൻ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 69 പേരെ മാത്രമേ വിസ്തരിച്ചുള്ളു. നാല് ആഴ്ചയ്ക്കുള്ളിൽ കേസിലെ 10 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി സിബിഐക്ക് അനുമതി നൽകുകയും അനാവശ്യമായി കേസ് മാറ്റിവയ്ക്കുന്നത് ഒഴിവാക്കണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.