
ജനത്തിരക്കിലമർന്ന് റമസാൻ വിപണി; ‘ചൂടുപിടിച്ച്’ എസി, സ്മാർട് ഫോൺ കച്ചവടം
കോട്ടയം ∙ സംസ്ഥാനത്ത് റമസാൻ വിപണി സജീവമായി. പുതുവസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ ചെറിയ കടകളിൽ മുതൽ ഷോപ്പിങ് മാളുകളിൽ വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി അടച്ചതോടെ മാളുകളിലും മറ്റും തിരക്ക് വർധിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാനം റമസാൻ എത്തിയെന്നതും നേട്ടമാണെന്നു വ്യാപാരികൾ പറയുന്നു.
വൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിവച്ചാണ് വ്യാപാരസ്ഥാപനങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതിനിടെ, വേനൽക്കാലത്ത് കുതിച്ചുയർന്ന എസി കച്ചവടത്തിന് വേനൽമഴ തിരിച്ചടിയായെന്നും വ്യാപാരികൾ പറയുന്നു.
എസി വിപണി കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ പൊടിപൊടിക്കുമെന്ന് കരുതിയെങ്കിലും ശരാശരിയിൽ ഒതുങ്ങിയെന്നാണ് അഭിപ്രായം.
വിപണി കീഴടക്കി സ്മാർട് ഫോണുകൾ
മറ്റ് ഉത്സവ സീസണികളിലെന്നപോലെ റമസാൻ കാലത്തും സ്മാർട് ഫോൺ വിപണി സജീവമാണ്. പ്രമുഖ ഇലക്ട്രോണിക്സ്, ഹോംഅപ്ലയൻസസ് വിൽപനശൃംഖലകളിലെല്ലാം സ്മാർട്ഫോണുകൾക്കു വലിയ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഫോൺ അടക്കമുള്ള വിലയേറിയ ഫോണുകൾക്ക് ഇഎംഐ സൗകര്യം അടക്കമുള്ള വാഗ്ദാനങ്ങളുമുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്ക് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
റമസാൻ കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് സ്മാർട്ട് ഫോണുകളാണെന്ന് ഓക്സിജൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജിബിൻ കെ. തോമസ് പറഞ്ഞു.
‘‘വലിയ തിരക്കാണ് എല്ലാ ഷോറൂമുകളിലും അനുഭവപ്പെടുന്നത്. ആകർഷകമായ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
ക്യാഷ്ബാക്ക് ഓഫറുകളാണ് പ്രത്യേകത. സ്മാർട് ഫോണുകൾ കഴിഞ്ഞാൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഹോം അപ്ലയൻസുകളാണ്.’’ – ജിബിൻ.കെ.തോമസ് പറയുന്നു.
ചൂടാകണം എസി വിപണി
എസി, ഫാൻ, കൂളർ എന്നിവയ്ക്കു വലിയ വിൽപനയുള്ള കാലമാണ് വേനൽ.
ഇത്തവണ സമ്മർ ഓഫറുകളും മറ്റും പ്രഖ്യാപിച്ച് കമ്പനികളും ഷോറൂമുകളും രംഗത്തുണ്ടെങ്കിലും എസി വിൽപനയിൽ പ്രതീക്ഷിച്ച കുതിപ്പില്ലെന്നാണ് കടക്കാരുടെ വിലയിരുത്തൽ. എങ്കിലും വേനൽ കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വിൽപന മെച്ചപ്പെടുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു.
വിവിധ തരം എസികൾക്കും ഫാനുകൾക്കും കൂളറുകൾക്കും വൻ വിലക്കിഴിവും റമസാൻ കാലത്തു പ്രഖ്യാപിച്ചിട്ടുണ്ട്. റമസാൻ കാലത്ത് മൈജിയുടെ എല്ലാ ഷോറൂമൂകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും എസിയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതെന്നും മൈജി സെയിൽസ് ആൻഡ് ഓഫർ ജനറൽ മാനേജർ രതീഷ് കുട്ടോത്ത് പറഞ്ഞു. ‘‘ഇതിലും വലിയ വിലക്കുറവ് ആര് തന്നാലും ലൈഫ് ടൈം സെറ്റിൽമെന്റ് എന്നു പറഞ്ഞാണ് മൈജിയുടെ റമസാൻ വിപണി.
ടേക്ക് ഇറ്റ് എസി എന്നാണ് പരസ്യവാചകം. വിവിധ ബാങ്കുകളുമായി സഹകരിച്ച് ഫിനാൻസ് പർച്ചേസിലും വമ്പൻ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ഷോറൂമുകളിലും പോസിറ്റീവ് റിസൽട്ടാണ് കിട്ടുന്നത്.’’ – രതീഷ് പറയുന്നു. ഏപ്രിൽ ഏഴു വരെ നീളുന്ന ഈദ് സെയിലിന് ലുലു മാളുകളിൽ തുടക്കമായി. കൊച്ചി ലുലു മാളിൽ നോമ്പുതുറ വിഭവങ്ങളുമായി റമസാൻ സ്ട്രീറ്റ് തുടങ്ങിയിട്ടുണ്ട്.
ഹൈപ്പർ മാർക്കറ്റിൽ ഭക്ഷ്യവിഭവങ്ങൾക്കും അടുക്കള ഉപകരണങ്ങൾക്കും വലിയ വിലക്കിഴിവു പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, കോട്ടയം ലുലു മാളുകളിലെ ബിരിയാണി ഫെസ്റ്റിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്ന് ലുലു അധികൃതർ പറയുന്നു.
ലുലു ഫാഷൻ സ്റ്റോറിലും ലുലു കണക്ടിലും വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വിലക്കുറവുമായി സപ്ലൈകോ റമസാൻ വിപണി
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് ഉൽപന്നങ്ങൾ പൊതുവിപണി വിലയേക്കാൾ 10 മുതൽ 30 വരെ ശതമാനം വിലക്കുറവിലും ലഭിക്കുന്ന സപ്ലൈകോയുടെ റമസാൻ വിപണിയിലേക്കും ജനപങ്കാളിത്തമുണ്ട്. ജയ അരി, മട്ട
അരി, പഞ്ചസാര, മുളക്, വെളിച്ചെണ്ണ, ചെറുപയർ, ഉഴുന്ന്, പരിപ്പ്, മല്ലി, കടല, വൻപയർ എന്നിവയും വിലക്കുറവിൽ ലഭ്യമാണ്. റംസാൻ ഫെയറിൽ ശബരി ഇനങ്ങളായ ചിക്കൻ മസാല, മീറ്റ് മസാല, സാമ്പാർ പൊടി, പെരുംജീരകം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
അരി ഒരു കാർഡിന് 10 കിലോയാണ് നൽകുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]