
‘അങ്കണവാടികൾ പ്രവർത്തിക്കാനുള്ള ഫണ്ട് ജീവനക്കാരല്ല നൽകേണ്ടത്’; ചർച്ച വിജയം: സമരം പിൻവലിച്ച് ജീവനക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു വിഭാഗം മാർച്ച് 17 മുതൽ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നുണ്ടായ തീരുമാനങ്ങളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് സമരം താൽക്കാലികമായി പിൻവലിച്ചതെന്ന് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് അജയ് തറയിൽ പറഞ്ഞു. ധനമന്ത്രി കെ.എൻ.ബാലഗോപാലും ആരോഗ്യമന്ത്രി വീണാ ജോർജുമാണ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ഓണറേറിയം, പെൻഷൻ, ഉത്സവബത്ത തുടങ്ങിയവ വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് പരിശോധിക്കാൻ 10 ദിവസത്തിനുള്ളിൽ കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റി 90 ദിവസത്തിനുള്ളിൽ കൊടുക്കുന്ന റിപ്പോർട്ട് പ്രകാരം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
അങ്കണവാടി ജീവനക്കാരെ സംസ്ഥാന ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം വർധിപ്പിക്കുകയും അത് ശമ്പളമാക്കി നൽകുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അങ്കണവാടി ജീവനക്കാർ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പ്രകാരം പ്രവർത്തിക്കുന്നവരായതുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മേൽ വേണ്ട സമ്മർദം ചെലുത്താമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. ഓണറേറിയം മൂന്ന് ഘട്ടമായി നൽകുന്നത് ഒന്നിച്ച് നൽകണമെന്ന ആവശ്യത്തിൽ എല്ലാ മാസവും 5ന് മുൻപായി നൽകാമെന്നാണ് ഉറപ്പ് നൽകിയത്. ഒന്നിച്ച് നൽകുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പ് നൽകിയതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ അങ്കണവാടി ജീവനക്കാരെ മുഴുവൻ ഉൾപ്പെടുത്തുന്നതിനുവേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 2025 മാർച്ച് 31 വരെയുള്ള പെൻഷൻ കുടിശിക പൂർണമായും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു കൈമാറിയതായും സർക്കാർ അറിയിച്ചു. പെൻഷൻ ആനുകൂല്യങ്ങൾ 37 കോടി രൂപയാണ് ഇനി കുടിശികയുള്ളത്. അത് കൊടുത്തു തീർക്കാമെന്ന് ഉറപ്പ് നൽകി.
അങ്കണവാടികൾ പ്രവർത്തിക്കാനുള്ള ഫണ്ട് ജീവനക്കാരല്ല നൽകേണ്ടതെന്നും അതു നൽകേണ്ടത് നിർവഹണ ഉദ്യോഗസ്ഥനാണെന്നും അതു നിരീക്ഷിക്കാൻ ജില്ലാ പ്രോഗ്രാം ഓഫിസർമാർക്കു നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു. എഎസ്ജി ചെയ്യേണ്ട ചുമതലകൾ അവർ തന്നെ നിർവഹിക്കേണ്ടതാണെന്നും അങ്കണവാടി ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 90 ദിവസത്തിനുള്ളിൽ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ സമരം ആരംഭിക്കുമെന്നും അജയ് തറയിൽ പറഞ്ഞു.