
ട്രെയിൻ തട്ടി ഐബി ഉദ്യോഗസ്ഥയുടെ മരണം; സഹപ്രവർത്തകൻ മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന് കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ (24) തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ ആരോപണവുമായി കുടുംബം. എടപ്പാൾ സ്വദേശിക്കെതിരെയാണ് ആരോപണം. മേഘയെ സഹപ്രവർത്തകനായ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്നു പിതാവ് മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.
‘‘ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് മേഘയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തമായത്. സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം ഇപ്പോഴാണ് അറിയുന്നത്. അല്ലാതെ മകൾ ഒന്നും വീട്ടിൽ പറഞ്ഞിട്ടില്ല. രാജസ്ഥാനിലെ പരിശീലനത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പത്തിലായപ്പോൾ വിവാഹം ആലോചിക്കാൻ വീട്ടിലേക്കു വരാൻ ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിനു പറ്റില്ലെന്ന് അയാൾ മേഘയോട് പറഞ്ഞു. വളരെ സങ്കടത്തിലായിരുന്നു മേഘ എന്ന് അവളുടെ സുഹൃത്തുക്കളിൽനിന്ന് ഇപ്പോൾ അറിയാൻ കഴിഞ്ഞു. വീട്ടിൽ ഒന്നും പറഞ്ഞിരുന്നില്ല. ഫെബ്രുവരിയിലെ ശമ്പളം മുഴുവൻ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മേഘ അയച്ചിരുന്നു. ഭക്ഷണം കഴിക്കാൻപോലും മകളുടെ കയ്യിൽ പണമില്ലായിരുന്നു എന്നാണ് സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞത്. ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകും’’–പിതാവ് മധുസൂദനൻ പറഞ്ഞു.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് മരിച്ചത്. പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ നേരെ ഇവിടെയെത്തിയെന്നാണു നിഗമനം. യുവതി ട്രെയിനിനു മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.