
മാവേലിക്കര നഗരസഭ അധ്യക്ഷനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി; പിന്തുണച്ച് എൽഡിഎഫും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാറിനെതിരെ അതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗൺസിലർമാരിൽ 18 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഒൻപത് ബിജെപി അംഗങ്ങളിൽ മൂന്നു പേരും നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാറും യോഗത്തിന് എത്തിയില്ല. യോഗത്തിന് എത്തിയ ആറു ബിജെപി കൗൺസിലർമാർ ചർച്ചയ്ക്കു ശേഷം കൗൺസിൽ ഹാളിൽനിന്നു പുറത്തുപോയി. തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. ഒൻപത് കോൺഗ്രസ് അംഗങ്ങളും എട്ടു സിപിഎം അംഗങ്ങളും ഒരു ജനാധിപത്യ കേരള കോൺഗ്രസ് അംഗവുമാണ് പ്രമേയത്തെ പിന്തുണച്ചത്.
അവിശ്വാസം വിജയിക്കണമെങ്കിൽ 15 കൗൺസിലർമാരുടെ പിന്തുണ ആവശ്യമായിരുന്നു. 28 അംഗ നഗരസഭയിൽ കോൺഗ്രസ്, ബിജെപി, എൽഡിഎഫ് എന്നിവർക്ക് 9 വീതം കൗൺസിലർമാരാണ് ഉള്ളത്. സ്വതന്ത്രനായ കെ.വി.ശ്രീകുമാറിനെ അധ്യക്ഷനാക്കി കോൺഗ്രസ് ആണ് നഗരസഭ ഭരിച്ചിരുന്നത്. മൂന്നു വർഷത്തിനു ശേഷം അധ്യക്ഷപദവി ഒഴിയണമെന്ന നിർദേശം ചെയർമാൻ പാലിച്ചില്ല എന്നാരോപിച്ചു 7 മാസം മുൻപു ശ്രീകുമാറിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചിരുന്നു.
നഗരസഭയിലെ 9 കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫിലെ ജനാധിപത്യ കേരള കോൺഗ്രസ് കൗൺസിലർ ബിനു വർഗീസും ഒപ്പിട്ടാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയിരുന്നത്. സ്വജന പക്ഷപാതം, വികസന മുരടിപ്പ്, കെടുകാര്യസ്ഥത തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്.