
എമ്പുരാന് ഹിന്ദു വിരുദ്ധ അജൻഡ; മോഹൻലാൽ ആരാധകരെ വഞ്ചിച്ചു: വിമർശിച്ച് ആർഎസ്എസ് മുഖപത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓർഗനൈസറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു. ചിത്രത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം വന്നത്.
2002ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാനും സിനിമയിൽ ശ്രമമുണ്ടെന്നും ലേഖനം പറയുന്നു. ഹിന്ദുക്കളെ രക്ഷകരായി ചിത്രീകരിക്കാവുന്ന സാഹചര്യങ്ങളിൽ പോലും വില്ലന്മാരായി അവതരിപ്പിക്കുന്നു. സംവിധായകൻ പൃഥ്വിരാജിന്റെ രാഷ്ട്രീയ ചായ്വുകൾ വളരെ വ്യക്തമാണെന്നും എമ്പുരാനിൽ ആ ചായ്വുകൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും മുൻപ് പൗരത്വ ഭേദഗതി നിയമത്തിലടക്കം പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകൾ രാജ്യവിരുദ്ധമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഹിന്ദുക്കളെ അധിക്ഷേപിക്കുക മാത്രമല്ല, ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്നതുമാണ് ചിത്രത്തിന്റെ ആഖ്യാന രീതി. ബിജെപി അനുയായിയെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ, കേരളത്തിന്റെ സംസ്കാരത്തെ തകർക്കാൻ ദൃഢനിശ്ചയം ചെയ്ത ക്രൂരനായ വ്യക്തിയായിട്ടാണ് ചിത്രീകരിക്കുന്നത്. ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ പിന്തുണച്ച ആരാധകർ ഇപ്പോൾ പ്രയാസത്തിലാണെന്നും ലേഖനം പറയുന്നു.
എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം.