
ദില്ലി: കട്ടക്കിൽ നിന്ന് ആറ് തവണ എംപിയായ ഭർതൃഹരി മഹ്താബ് തെരഞ്ഞെടുപ്പിന് മുമ്പ് ബിജു ജനതാദൾ വിട്ട് ബിജെപിയിൽ ചേർന്നു. പ്രധാന സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് 67 കാരനായ മെഹ്താബ് ബിജെപി അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകും. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ, ബിജെപിയുടെ പ്രകാശ് മിശ്രയെ വൻ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
1998ൽ കട്ടക്കിൽ നിന്നാണ് മഹ്താബ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെൻ്റിലെ മികച്ച പ്രകടനത്തിന് 2017 മുതൽ 2020 വരെ തുടർച്ചയായി നാല് വർഷത്തേക്ക് ‘സൻസദ് രത്ന’ ലഭിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം ബിജെഡി വിട്ടത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി വ്യതിചലിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടതെന് ഭർതൃഹരി പറഞ്ഞിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നിരവധി ബിജെഡി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു.
ഒഡീഷയിൽ 21 പാർലമെൻ്റ് മണ്ഡലങ്ങളാണുള്ളത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജു ജനതാദളിന് (ബിജെഡി) ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചു. ബിജെഡി 12 സീറ്റുകൾ നേടി, ബിജെപി 8 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 147ൽ 113 സീറ്റുകളും ബിജെഡി നേടി. ബിജെപി 23 സീറ്റും കോൺഗ്രസിന് ഒമ്പത് സീറ്റും ലഭിച്ചു. സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.
Last Updated Mar 28, 2024, 5:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]