
തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഒമ്പത് നാരങ്ങകൾ വലിയ തുകയ്ക്ക് ലേലം ചെയ്തു. മൊത്തം 2.3 ലക്ഷം രൂപയ്ക്കാണ് ഈ നാരങ്ങകൾ ലേലം ചെയ്തത്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ലേലം നടന്നത്.
ദിവസങ്ങളോളം ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകളിൽ ഉപയോഗിക്കുന്ന ഈ ഒൻപത് നാരങ്ങകൾക്കും ദൈവികമായ ശക്തിയുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതിനാൽ, തന്നെ ഇതിന് ആവശ്യക്കാരേറെയാണ്. ഒൻപത് ദിവസങ്ങളിൽ, ക്ഷേത്രത്തിലെ പൂജാരി മുരുകൻ്റെ വേലിൽ ഓരോ നാരങ്ങ വീതം കുത്തി വയ്ക്കുന്നു. അത് നാരങ്ങകൾക്ക് പ്രത്യേക ശക്തി കൈവരാൻ സഹായകമാകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
വാർഷിക ഉത്സവമായ ഒൻപത് ദിവസത്തെ പങ്കുനി ഉതിരം സമാപിച്ചതിന് ശേഷമാണ് നാരങ്ങകൾ ഭക്തർക്ക് ലേലം ചെയ്യുന്നത്. രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നാരങ്ങയുടെ നീര് കഴിച്ചാൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഒരുപാട് പേർ ഈ നാരങ്ങ സ്വന്തമാക്കാൻ ആഗ്രഹിച്ചെത്താറുണ്ട്.
അതുപോലെ കച്ചവടങ്ങളിലും മറ്റും വളർച്ചയുണ്ടാവാൻ സഹായിക്കും എന്ന വിശ്വാസത്തിൽ നാരങ്ങ വാങ്ങുന്ന കച്ചവടക്കാരും ഏറെയുണ്ട്. ആദ്യത്തെ ദിവസം വേലിൽ കുത്തിയ നാരങ്ങയ്ക്കാണ് കൂടുതൽ ശക്തി എന്നാണ് വിശ്വാസം. കുളത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ 50,500 രൂപയ്ക്കാണ് ഈ നാരങ്ങ വാങ്ങിയത്.
ഇതിനിടെ തമിഴ്നാട്ടിലെ മറ്റൊരു ക്ഷേത്രത്തിലെ ചെറുനാരങ്ങ 35000 രൂപക്ക് ലേലത്തിൽ വിറ്റുപോയിരുന്നു. ഈറോഡിലെ ശിവഗിരി പഴപൂസയ്യൻ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ നടന്ന ലേലത്തിലാണ് ചെറുനാരങ്ങ ഈ തുകയ്ക്ക് വിറ്റുപോയത്. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച വഴിപാട് സാധനങ്ങൾ ലേലം ചെയ്തപ്പോഴാണ് ചെറുനാരങ്ങക്കായി മത്സരിച്ച് ലേലം വിളിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
(ചിത്രം പ്രതീകാത്മകം)
Last Updated Mar 28, 2024, 5:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]