
ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പതഞ്ജലി ഫുഡ്സിന്റെ ഓഹരികളിൽ കനത്ത ഇടിവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് രാംദേവിന്റെ പതഞ്ജലി ആയുർവേദയ്ക്കും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും എതിരെ സുപ്രീം കോടതി ഇന്നലെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. പതഞ്ജലി ഫുഡ്സ് ഓഹരികൾ ബിഎസ്ഇയിൽ 4.46 ശതമാനം ഇടിഞ്ഞ് 1548.00 രൂപയിലെത്തി. 105 മിനിറ്റ് വ്യാപാരത്തിനിടെ പതഞ്ജലി ഓഹരികളുടെ നഷ്ടം ഏകദേശം 2300 കോടി രൂപയാണ്. ഒരു ദിവസം മുമ്പ് കമ്പനിയുടെ വിപണി മൂല്യം 58,650.40 കോടി രൂപയായിരുന്നു. വ്യാപാരത്തിനിടെ ഇത് 56,355.35 കോടി രൂപയിലെത്തി.
ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പതഞ്ജലിയെ സുപ്രീം കോടതി വിലക്കിയിരുന്നു. പതഞ്ജലി ദ ഹിന്ദു ദിനപത്രത്തിൽ നൽകിയ പരസ്യവും യോഗയുടെ സഹായത്തോടെ പ്രമേഹവും ആസ്ത്മയും പൂർണ്ണമായും സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് നടത്തി വാർത്താസമ്മേളനം ഉൾപ്പെടെയുള്ള തെളിവുകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നായിരുന്നു ഉത്തരവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിൽ നിന്നും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും പതഞ്ജലിയെ വിലക്കിയ മുൻ കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് കോടതി കണ്ടെത്തി.എന്തുകൊണ്ടാണ് ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു. വാക്സിനേഷനും ആധുനിക മരുന്നുകൾക്കുമെതിരായി രാംദേവ് നടത്തുന്ന പ്രചാരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുർവേദ് കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ പരസ്യങ്ങൾ നിരോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
അതേസമയം, കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം നാളെ ചേരുമെന്ന് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ബിഎസ്ഇയെ അറിയിച്ചു.
Last Updated Feb 28, 2024, 5:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]