മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരി റെയിൽ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലേക്ക്. പകുതിചെലവ് വഹിക്കാമെന്ന് നേരത്തേ സമ്മതിച്ചെങ്കിലും അതിനുള്ള കരാറിൽ നിന്ന് പിന്മാറിയ സംസ്ഥാനസർക്കാർ, കേന്ദ്രത്തെ പഴിചാരി പദ്ധതി കൈയൊഴിയുകയാണ്. ശബരിപാതയുടെ കാര്യത്തിൽ റെയിൽവേ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ചെലവ് പങ്കിടാൻ സമ്മതിച്ച് കരാറൊപ്പിട്ടാൽ ഉടനടി ഭൂമിയേറ്റെടുക്കലടക്കം നടപടികൾ തുടങ്ങാമെന്നാണ് റെയിൽവേയുടെ നിലപാട്. റെയിൽവേ അനുകൂലമായ ഘട്ടത്തിൽ സംസ്ഥാനം പിന്നാക്കം പോവുന്നത് പദ്ധതി അവതാളത്തിലാക്കും.
പദ്ധതിയുടെ പകുതി ചെലവായ 1900കോടി കിഫ്ബിയിൽ നിന്ന് നൽകാമെന്നും അത് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്നൊഴിവാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. പകുതി ചെലവിന് ഉപാധികളില്ലാതെ സമ്മതമറിയിക്കണമെന്നാണ് കേന്ദ്രനിലപാട്. ഇത് സംസ്ഥാന സർക്കാരിന് സ്വീകാര്യമല്ല. വായ്പാപരിധിയിൽ ഇളവുതേടി വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. ഇതിനായി മന്ത്രി വി.അബ്ദുറഹിമാൻ റെയിൽവേ മന്ത്രിയെ കാണും. 1997-98ൽ പ്രഖ്യാപിച്ച, 111കി.മീ ശബരിപാതയിൽ 7കിലോമീറ്റർ റെയിലും ഒരു പാലവും നിർമ്മിച്ചിട്ടുണ്ട്.
2019 സെപ്തംബർ 26ന് ദക്ഷിണ റെയിൽവേ ഇറക്കിയ ഉത്തരവ് ഡീ-ഫ്രീസ് ചെയ്യുകയാണ് ഇനി വേണ്ടത്. കരാറൊപ്പിട്ടാൽ ഇതിന് റെയിൽവേ തയ്യാറാണ്. ഇരട്ടപ്പാതയാണ് നിർദ്ദേശിക്കുന്നതെങ്കിലും തുടക്കത്തിൽ ഒറ്റലൈൻ മതിയെന്ന കേരളത്തിന്റെ ആവശ്യം റെയിൽവേ അംഗീകരിക്കും. കരാറൊപ്പിട്ടാൽ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് റെയിൽവേയ്ക്ക് നൽകാനുള്ള പണം റിസർവ് ബാങ്ക് പിടിച്ചെടുക്കുമെന്നതിനാലാണ് കരാറിന് സർക്കാർ സന്നദ്ധമാവാത്തത്.
വികസനത്തിന് അനിവാര്യം
മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാവുന്നതാണ് ശബരിപാത. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഉപകാരപ്രദമായതും തമിഴ്നാട്ടിലേക്ക് ബന്ധിപ്പിക്കാവുന്നതുമായ പാത കേരളത്തിന്റെ വികസനത്തിൽ നിർണായകമാവുന്നതാണ്. പമ്പവരെ നീട്ടണമെന്നാണ് റെയിൽവേയുടെ ആവശ്യമെങ്കിലും, വനഭൂമിയിലെ പദ്ധതിക്ക് അനുമതി എളുപ്പമല്ലാത്തതിനാൽ എരുമേലി വരെ ഒറ്റപ്പാതയെന്ന ആവശ്യം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം.
തർക്കവിഷയം കരാർ
പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം നൽകാമെന്ന ഉറപ്പിനാണ് റെയിൽവേ-റിസർവ് ബാങ്ക്-കേരളം ത്രികക്ഷി കരാറൊപ്പിടേണ്ടത്. പദ്ധതി ചെലവായ 3800.94 കോടിയിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ഗഡുക്കളായി റെയിൽവേയ്ക്ക് പണം നൽകിയാൽ മതി. സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. അതിനാൽ കരാറൊപ്പിടേണ്ടെന്നും കിഫ്ബിയിൽ നിന്ന് തുക നൽകിയാൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കരാറിന്റെ മാതൃക കഴിഞ്ഞ നവംബറിൽ റെയിൽവേ കൈമാറിയിരുന്നു.
റെയിൽവേ മനസുവച്ചാൽ
മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തി അങ്കമാലി-എരുമേലി ശബരിപാത റെയിൽവേയ്ക്ക് നിർമ്മിക്കാനാവുന്നതേയുള്ളൂ. പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് നിർദ്ദേശിച്ചിരുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം, തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികൾ കേന്ദ്രം സ്വന്തം നിലയിൽ നടപ്പാക്കുകയാണിപ്പോൾ. ഗുരുവായൂർ-തിരുനാവായ പാതയും സജീവപരിഗണനയിലാണ്.
2019ൽ ശബരിപാതയ്ക്കൊപ്പം മരവിപ്പിച്ചതാണ് ആലപ്പുഴ പാതയിരട്ടിപ്പിക്കലും ഗുരുവായൂർ പാതയും. ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാതയിരട്ടിപ്പിക്കൽ മരവിപ്പിക്കൽ ഉത്തരവ് റദ്ദാക്കിയാണ് ബഡ്ജറ്റിൽ പണമനുവദിച്ചത്. പാതയിരട്ടിപ്പിക്കലിന്റെ ചെലവ് പങ്കിടണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാനം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഭൂമിയേറ്റെടുക്കലിന് 510കോടി റെയിൽവേ അനുവദിച്ചു. പുതിയപാതകൾ, പാതയിരട്ടിപ്പിക്കൽ എന്നിവയ്ക്കായി ബഡ്ജറ്റിന് പുറമെ ചെലവഴിക്കാൻ 50,000കോടിയോളം റെയിൽവേയ്ക്ക് അനുമതിയുണ്ട്. എന്നാൽ ശബരിപാതയ്ക്ക് ഈ ഫണ്ടുപയോഗിക്കാൻ കേന്ദ്രത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തേണ്ടി വരും.
സർക്കാരും റെയിൽവേയും രണ്ടുതട്ടിൽ
1)സർക്കാർ: അങ്കമാലി-എരുമേലി-നിലയ്ക്കൽ പാത രണ്ടുഘട്ടമായി നടപ്പാക്കാൻ കേന്ദ്രത്തോടഭ്യർത്ഥിക്കും. ഒറ്റലൈനായിരിക്കും. ഭാവിയിൽ ഇരട്ടപ്പാത പരിഗണിക്കാം.
റെയിൽവേ:നിലവിൽ അങ്കമാലി-എരുമേലി 111കി.മി പാതയാണ്. ഇത് പമ്പവരെ നീട്ടി ഇരട്ടപ്പാതയാക്കണം. പാതിചെലവ് സംസ്ഥാനം വഹിക്കണം.
2)സർക്കാർ:പാതിചെലവ് വഹിക്കാമെന്നറിയിച്ചും പദ്ധതിമരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കിയില്ല. ഭൂമിയേറ്റെടുക്കൽ മുടങ്ങി
റെയിൽവേ:ചെലവ് വഹിക്കാമെന്ന് കരാറുണ്ടാക്കാതെ പദ്ധതി മരവിപ്പിച്ച ഉത്തരവ് പിൻവലിക്കില്ല. ഇതില്ലാതെ ഭൂമിയേറ്റെടുക്കലിലേക്ക് കടക്കാനാവില്ല.
നാല് ജില്ലകൾക്ക് വമ്പൻനേട്ടം
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഗതാഗതസൗകര്യമേറും
റെയിൽവേ കണക്ടിവിറ്റിയില്ലാത്ത മലയോരത്തും ഇടുക്കിയിലും റെയിലെത്തും
പുനലൂരുമായി ബന്ധിപ്പിച്ചാൽ ചെങ്കോട്ടവഴി തമിഴ്നാട്ടിലേക്ക് നീട്ടാം
ഫർണിച്ചർ, അരി, പ്ലൈവുഡ്, റബർ, പൈനാപ്പിൾ വ്യവസായങ്ങൾക്ക് ഗുണം
ശബരിമല വിമാനത്താവളം എരുമേലിയിൽ നിന്ന് എട്ടു കി.മി അകലെമാത്രമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞത്തിനും ഗുണം
1) തുറമുഖത്തിന്റെ ചരക്ക് ഇടനാഴിയാക്കാം
2 )വടക്കോട്ടുള്ള കണ്ടെയ്നർനീക്കം സുഗമമാവും
3) ലോജിസ്റ്റിക്- സാമ്പത്തിക-വാണിജ്യ ഇടനാഴി
4) തുറമുഖത്തിന്റെ ഗുണം മദ്ധ്യകേരളം വരെ