
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കയറി നായയെ വേട്ടയാടുന്ന പുള്ളിപ്പുലിയാണ് വീഡിയോയിൽ. പൊലീസ് സ്റ്റേഷനിൽ വച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അത്യന്തം ഭയപ്പെടുത്തുന്ന ഈ രംഗങ്ങൾ പതിഞ്ഞിരിക്കുന്നത്.
സിസിടിവിയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളിൽ പുള്ളിപ്പുലി പൊലീസ് സ്റ്റേഷൻറെ അകത്തേക്ക് പ്രവേശിക്കുന്നതും ഒരു നായയെ വേട്ടയാടി തൂക്കിയെടുത്ത് പുറത്ത് വരുന്നതും കാണാം. രത്നഗിരിയിലെ രജപൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനുള്ളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതാണ് വീഡിയോയിൽ ആദ്യം തന്നെ കാണുന്നത്. പുറത്തേക്ക് പോകുന്ന നായകൾ പെട്ടെന്ന് തന്നെ ഓടി അകത്തേക്ക് വരുന്നതും അടുത്ത നിമിഷം കാണാം. പിന്നാലെയാണ് പുള്ളിപ്പുലി സ്റ്റേഷന്റെ അകത്തേക്ക് കയറുന്നത്.
പുലിയെ കണ്ടതും നായകൾ ഭയന്നുപോയി. അവ ഭയന്ന് സ്റ്റേഷന്റെ അകത്തേക്ക് കയറുന്നു. എന്നാൽ, പുള്ളിപ്പുലിയും വിടാൻ ഒരുക്കമായിരുന്നില്ല. അതും പിന്നാലെ തന്നെ വരുന്നുണ്ട്. ശേഷം പുള്ളിപ്പുലി സ്റ്റേഷനിൽ നിന്നും പുറത്ത് വരുന്നതാണ് കാണുന്നത്. പക്ഷേ, അപ്പോഴേക്കും അത് ഒരു നായയെ കീഴടക്കിയിരുന്നു. അതിനെയുമെടുത്താണ് പുള്ളിപ്പുലി പുറത്ത് വന്നത്.
അതേസമയം, സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെല്ലാം പുള്ളിപ്പുലി വരുന്നത് നേരത്തെ കണ്ടിരുന്നു. പിന്നാലെ ഓടി സുരക്ഷിതമായ ഒരിടത്ത് ഇരിക്കുകയായിരുന്നു. അതിനാൽ തന്നെ മനുഷ്യർക്കാർക്കും നേരെ പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായില്ല. നായയെ പിടിച്ച ശേഷം പുലി സ്റ്റേഷന്റെ പുറത്ത് പിൻവശത്തായി വച്ചിരിക്കുന്ന വാട്ടർ ടാങ്കിന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു. മറ്റ് നായകളെല്ലാം അപ്പോഴേക്കും ഓടിയൊളിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ വൈറലായി. ആളുകൾ വളരെ ഞെട്ടലോടെയാണ് ഈ ദൃശ്യങ്ങൾ കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 29, 2024, 11:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]