
റായ്ഗഡ്: റായ്ഗഡ് കര്‍ണാല കോട്ടയിലേക്കുള്ള ട്രെക്കിംഗിനിടെ കാലിന് പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീം. സംഭവത്തിന്റെ വീഡിയോ ‘സാഹചര്യം എന്തായാലും വേഗത്തിലുള്ള പ്രതികരണ’മെന്ന തലക്കെട്ടോടെ മുംബൈ പൊലീസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. പൊലീസ് സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാവുകയാണ്.
‘ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പുതിയ സംഘം കര്‍ണാല ഫോര്‍ട്ടില്‍ പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് ട്രെക്കിംഗിന് എത്തിയ ഒരു യുവതിയുടെ കാലിന് പരുക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ക്വിക്ക് റെസ്പോണ്‍സ് സംഘം അവരുടെ ട്രാക്ക് സ്യൂട്ടുകള്‍ ഉപയോഗിച്ച് ഒരു താല്‍ക്കാലിക സ്ട്രെച്ചര്‍ നിര്‍മ്മിച്ച് പരുക്കേറ്റ യുവതിയെ രണ്ടു മണിക്കൂറിനുള്ളില്‍ ബേസ് ക്യാമ്പിലെത്തിച്ചു. തുടര്‍ന്ന് വാഹനത്തില്‍ അവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.’ പൊലീസ് സംഘം സമയബന്ധിതമായി ചിന്തിക്കുകയും വേഗത്തില്‍ നടപടിയെടുക്കുകയും ചെയ്തത് കൊണ്ടാണ് യുവതിയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ടാണ് വീഡിയോ വൈറലായത്. ഇതുവരെ 40,000ലേറെ വ്യൂ, 24,215 ലൈക്ക്, നൂറുക്കണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. പൊലീസ് സംഘത്തിന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Last Updated Jan 28, 2024, 5:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]