
കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ മന്ത്രി വി അബ്ദുറഹ്മാൻ. വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയെന്നാണ് മന്ത്രിയുടെ വിമർശനം. നിരക്ക് വർധന അംഗീകരിക്കാൻ ആവില്ലെന്നും നിരക്ക് കുറയ്ക്കാൻ നടപടി എടുക്കണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്കരിച്ചാൽ അവർ എന്ത് ചെയ്യുമെന്ന് മന്ത്രി ചോദിച്ചു.രണ്ടാം പുറപ്പെടൽ കേന്ദ്രം നൽകിയവരെ മാറ്റാൻ ഉള്ള നടപടി സ്വീകരിക്കും. എയർ ഇന്ത്യയുടെ മറുപടി അനുസരിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകും. എയർഇന്ത്യയുടേത് കരിപ്പൂരിനെ തകർക്കാനുള്ള നിലപാടാണ് എന്ന് കരുതുന്നില്ല. കരിപ്പൂരിനെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരെത്തുന്ന വിമാനത്താവളത്തിലെ ഉയർന്ന യാത്രാനിരക്കിൽ കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായേക്കില്ലെന്നാണ് സൂചന. നേരത്തെ പൂർത്തിയാക്കിയ അന്താരാഷ്ട്ര ടെണ്ടറിലെ സാങ്കേതികതയാണ് പ്രതിസന്ധി. 2020 ൽ കരിപ്പൂരിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും തുടങ്ങിയിട്ടില്ല. ഇത് ആഗോള ടെണ്ടറിൽ വലിയവിമാനങ്ങളുമായി സർവീസ് നടത്തുന്ന കമ്പനികൾക്ക് തടയിട്ടു.
ടെണ്ടർ ലഭിച്ചത് മുന്നൂറിൽ താഴെ യാത്രക്കാരെ ഉൾക്കൊളളുന്ന വിമാനങ്ങളടങ്ങിയ പാക്കേജായതാണ് നിരക്കുയരാൻ കാരണം. റീടെൻഡറിംഗ് നടത്തി കൂടുതൽ എയർലൈനുകളെ പങ്കെടുപ്പിച്ചുകൊണ്ടോ മറ്റു രീതികൾ സ്വീകരിച്ചോ കുറഞ്ഞ ടിക്കറ്റ് നിരക്കിലേക്കെത്തണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ കേന്ദ്ര സർക്കാർ ഇടപെട്ട് റീടെൻഡറിലേക്ക് പോയാൽ വിമാനകമ്പനികൾ നിയമനടപടിയിലേക്ക് നീങ്ങും. യാത്രക്കാർ നേരത്തെ തന്നെ ഒന്നിലധികം എംബാർക്കേഷൻ പോയിന്റുകൾ തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ കരിപ്പൂരിൽ നിന്നും മറ്റു വിമാനത്താവളത്തിലേക്ക് മാറാൻ കഴിയില്ലെന്നതും കുരുക്കാകും. 2023 ൽ ഇന്ത്യയിൽ നിന്നും 139429 യാത്രക്കാർ ഹജ്ജ് തീർത്ഥാടനം നടത്തിയപ്പോൾ 11556 പേർ കേരളത്തിൽ നിന്നുമായിരുന്നു. കേരളത്തിലെ 80 ശതമാനം യാത്രക്കാരും കരിപ്പൂരിൽ നിന്നാണ് ഹജ്ജ് യാത്ര നടത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Last Updated Jan 28, 2024, 3:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]