
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിപിഎം. ശക്തി കേന്ദ്രങ്ങളിൽ പോലും ഒറ്റക്ക് ജയിച്ച് കയറാനാകാത്ത സ്ഥിതിയുണ്ടെന്നും ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി പരമാവധി സീറ്റ് നേടാൻ ശ്രമിക്കണമെന്നും കേന്ദ്രകമ്മിറ്റിയിൽ ആവശ്യമുയർന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ ഘടകങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. തിരുവനന്തപുരത്താണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്.
കർഷക പ്രക്ഷോഭങ്ങൾ സംഘടനാ സ്വാധീനം കൂട്ടിയെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം, തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കാനും പ്രാദേശിക സാധ്യതകൾ അനുകൂലമെങ്കിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിലും എതിർപ്പില്ലെന്നും കമ്മിറ്റിയിൽ തീരുമാനിച്ചു. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന സർക്കാർ- ഗവർണർ പോര് കേന്ദ്ര കമ്മിറ്റി യോഗം വരും ദിവസങ്ങളിൽ ചർച്ച ചെയ്തേക്കും. ഗവർണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെടണോ എന്ന കാര്യത്തിലും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനമെടുക്കുക. മറ്റന്നാൾ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറൽ സെക്രട്ടറി മാധ്യമങ്ങളെ കാണും. ഇക്കാര്യത്തിലുള്ള തീരുമാനം അറിയിക്കും.
അതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ്സ് സംഘടിപ്പിക്കുവാനാണ് തീരുമാനം. സർവകലാശാലകളെ സംഘപരിവാരത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ജനാധിപത്യപരമായ സമരം തുടരുകയാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
Last Updated Jan 28, 2024, 11:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]