
തിരുവനന്തപുരം: പത്തു വര്‍ഷത്തിനു മുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും. 60,232 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 44,737 പേര്‍ക്ക് വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. 15,495 പേര്‍ക്ക് 500 രൂപ വേതന വര്‍ധനയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായും മന്ത്രി ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 53 കോടി നല്‍കിയിരുന്നു. സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുളള സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കും, ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ ഹാന്റക്സും, തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. മന്ത്രി കെഎന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതല്‍ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികള്‍ തുടരും. മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിയമസഭയില്‍ വിവിധ ബില്ലുകള്‍ അവതരിപ്പിക്കും.
Last Updated Jan 28, 2024, 8:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]