
പറ്റ്ന : ദേശീയ രാഷ്ട്രീയത്തിൽതന്നെ കരണം മറിച്ചിലുകളുടെ രാജാവാണ് നിതീഷ് കുമാർ. ഒന്‍പതാം തവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന നിതീഷ് വസ്ത്രം മാറുന്ന ലാഘവത്തോടെയാണ് മുന്നണികൾ മാറിമാറി അധികാരമുറപ്പിക്കുന്നത്. നിതീഷിനെ ഇത്തവണ വീണ്ടും മുന്നണിയിലേക്കെടുക്കുന്നതിനെതിരെ എന്‍ഡിഎയില്‍ മുറുമുറുപ്പുകളുണ്ട്.
ബിഹാർ എഞ്ചിനീയറിംഗ് കോളേജിൽനിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് നിതീഷ് കുമാർ രാഷ്ട്രീയ ഗോദയിലേക്കറിങ്ങുന്നത്. ഏത് സാഹചര്യത്തിലും അധികാര കസേര കൈവിടാതെ കാക്കുന്ന നിതീഷിന്റെ പൊളിറ്റക്കൽ എഞ്ചിനീയറിംഗ് ദേശീയ രാഷ്ട്രീയത്തിൽതന്നെ വേറിട്ട കാഴ്ചയാണ്. 1974 ൽ സോഷ്യലിസ്റ്റ് ആചാര്യനായ ജയപ്രകാശ് നാരായണിൽനിന്നും രാഷ്ട്രീയം തുടങ്ങിയ നിതീഷ് കുമാർ 1985ലാണ് ആദ്യമായി എംഎൽഎയായത്. 1989ൽ എംപിയായി, 1996 ൽ എൻഡിഎ മുന്നണിയിൽ ചേർന്നു. കേന്ദ്ര റെയിൽവേമന്ത്രിയായും കൃഷിമന്ത്രിയായും വാജ്പേയി സർക്കാറിൽ നിതീഷ് കുമാർ ഭാഗമായി. ലാലു പ്രസാദിന്റെ വീഴ്ചയ്ക്ക് പിന്നാലെ രണ്ടായിരത്തിലാണ് നിതീഷ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാകുന്നത്.
പക്ഷേ ഏഴ് ദിവസം കൊണ്ട് രാജിവച്ച് വീണ്ടും കേന്ദ്ര കൃഷി മന്ത്രിയായി, അടുത്ത വർഷം കേന്ദ്ര റെയിൽവേ മന്ത്രിയുമായി. 2004 ൽ നിതീഷ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 മണ്ഡലത്തിൽനിന്നും മത്സരിച്ചു ഒന്നിൽ ജയിച്ചു. 2005 ൽ ബിജെപിയുമായിചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി. ശേഷം ഇതുവരെ മുഖ്യമന്ത്രി കസേരയിൽനിന്നും നിതീഷ് പിടി വിട്ടിട്ടില്ല. 2010ൽ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും മുഖ്യമന്ത്രി. 2013ൽ ലോക്സഭാ തരെഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേ കോൺഗ്രസ് വീഴുമെന്നുറപ്പായപ്പോൾ മൂന്നാം മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി പദത്തിലേക്ക് ഒരു കൈ നോക്കിയ നിതീഷ് പക്ഷേ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതറിഞ്ഞില്ല. രണ്ട് സീറ്റിലേക്ക് ബിഹാറിൽ ജെഡിയു തകർന്നടിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു, ജിതിന് റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. പക്ഷേ 2015ൽ ആർജെഡിയുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തി.
എന്നാൽ രണ്ട് വർഷത്തിന് ശേഷം എൻഡിഎയിൽ ചേർന്ന് വീണ്ടും സർക്കാറുണ്ടാക്കി. 2019 ലെ എൻഡിഎയ്ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം ആർജെഡിക്കൊപ്പം സർക്കാറുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 2022 ല്‍ മോദിയെ പരസ്യമായി വിമർശിച്ചാണ് നിതീഷ് കുമാർ എന്‍ഡിഎ വിട്ട് മഹാ സഖ്യത്തിന്റെ ഭാഗമാകുന്നത്. ആർജെഡി പിന്തുണയോടെ മുഖ്യമന്ത്രിയായി രണ്ടും വർഷം പൂർത്തിയാകും മുന്‍പേ വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് മടങ്ങുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി വിജയമുറപ്പിച്ചെന്ന പ്രചാരണം മുറുകുന്നതിനിടെ കൂടിയാണ്.
അതേസമയം ഇത്തവണ മടങ്ങുമ്പോൾ എന്‍ഡിഎയിലെ സാഹചര്യം വ്യത്യസ്തമാണ്. നിതീഷ് കുമാറിനെ മടുത്ത് സഖ്യമുപേക്ഷിച്ച ഹിന്ദുസ്ഥാന്‍ അവാം മോർച്ച നേതാവ് ജിതിന് റാം മാഞ്ചിയുടെ പ്രതിഷേധം ഒരു വശത്ത്, ബിജെപി സംസ്ഥാന ഘടകത്തിലും ദേശീയ നേതൃത്ത്വത്തിലും നിതീഷിനോട് മുറുമുറുപ്പുള്ളവർ ഏറെയുണ്ട്. നിതീഷിന്റെ രാഷ്ട്രീയം ഇതോടെ അവസാനിച്ചെന്നാണ് ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു വയക്കുന്നത്.
Last Updated Jan 28, 2024, 2:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]