കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവ് വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. ഇറങ്ങുന്ന സിനിമകളിൽ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തിൽ ചെലവ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.
പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ് അഭിനേതാക്കൾ ചെയ്യുന്നതെന്നും സംഘടന വിമർശിച്ചു. 2024 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. അഞ്ച് പഴയകാല ചിത്രങ്ങൾ റീമാസ്റ്റർ ചെയ്തും റിലീസ് ചെയ്തു. എന്നാൽ സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമാണ്. ബാക്കിയുള്ളവ തിയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയെന്നും സംഘടന വ്യക്തമാക്കി.
199 സിനിമകൾക്കായി ആകെ 1000 കോടി മുതൽ മുടക്കിയെന്നും 300 കോടിയുടെ ലാഭം മാത്രമാണ് ലഭിച്ചതെന്നും സംഘടന അറിയിച്ചു. ബാക്കിയുള്ള ചിത്രങ്ങളിൽ നിന്ന് വ്യവസായത്തിന് നഷ്ടം 700 കോടിയാണ്. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിർമാതാക്കൾ പറഞ്ഞു. പത്രക്കുറിപ്പിലൂടെയായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ പ്രതികരണം. ഈ വർഷം അഞ്ച് സിനിമകളാണ് 100 കോടി വരുമാനം നേടിയത്. വർഷാദ്യം പുറത്തുവന്ന മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം തുടങ്ങിയ ചിത്രങ്ങളാണ് 100 കോടി കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]