കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിൽ ബസ് കാത്ത് ഇനി മുഷിഞ്ഞിരിക്കേണ്ട. യാത്രക്കാർക്ക് ഉല്ലാസത്തിന് പ്രത്യേകമായി രൂപകല്പന ചെയ്ത ‘നേച്ചർ തീം’ പാർക്ക് വരുന്നു. ഇന്റഗ്രേറ്റഡ് മൾട്ടിമോഡൽ ട്രാൻസ്പോർട്ടേഷൻ ടെർമിനലിലെ ബസ് വെയ്റ്റിംഗ് ബേയ്ക്ക് സമീപമാണ് പാർക്ക്. സി.എസ്.എം.എല്ലിനാണ് പദ്ധതിച്ചുമതല. 4.5 കോടിയാണ് ചെലവ്. 13 ബസ് ബേയ്ക്ക് പിന്നിൽ 5.5 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിക്കുന്നത്. കാട് പിടിച്ച് ഇഴജന്തുക്കളുടെയടക്കം ശല്യമുണ്ടായിരുന്ന കണിയമ്പുഴ ആറിന് തീരത്തുള്ള പ്രദേശം നവീകരിച്ചാണ് പാർക്ക് ആരംഭിക്കുന്നത്.
വാട്ടർ ഫ്രണ്ട് പാർക്ക്
ബസ് ബേയ്ക്ക് പുറകിലായി വാട്ടർ ഫ്രണ്ട് പാർക്കാണ് വരുന്നത്. സി.എസ്.എം.എൽ സി.ഇ.ഒ ആയ ഷാജി വി. നായർ മൊബിലിറ്റി ഹബ് ഡയക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന സമയത്താണ് പദ്ധതിക്ക് തുടക്കം. ബസ് ടെർമിനൽ റൺവേയും മതിയായ ലൈറ്റിംഗ് സംവിധാനവും ഏർപ്പെടുത്തണമെന്ന ബസ് ഓപ്പറേറ്റർമാരുടെയും യാത്രക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് നടപ്പിലാകുന്നത്.
സൗകര്യങ്ങൾ
ഓപ്പൺ സ്പേസ് പദ്ധതിയുടെ ഭാഗമായി നേച്ചർ തീം പാർക്കിൽ ഒരു ശില്പ ഗാലറി, വിനോദ പരിപാടികൾ നടത്താനുള്ള രണ്ട് റിക്രിയേഷണൽ ഏരിയ, ഫുഡ് കിയോസ്ക്, കളിസ്ഥലം എന്നിവയാണ് നിർമ്മിക്കുന്നത്. മെട്രോ, വാട്ടർ മെട്രോ ബസ് സർവീസ് എന്നീ യാത്ര സംവിധാനങ്ങളുടെ ഹബായ വൈറ്രില മൊബിലിറ്റി ഹബിലെ പുതിയ സൗകര്യങ്ങൾ യാത്രക്കാരെ ഏറെ ആകർഷിക്കുമെന്ന് സി.എസ്.എം.എൽ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലമായും പ്രദേശവാസികൾക്ക് പാർക്കായിട്ടും ഇവിടം ഉപയോഗിക്കാൻ കഴിയും. കുട്ടികളുടെ ബുദ്ധിവികാസത്തിനും അവർക്കുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുമായി സെൻസറി പ്ലേ എക്യുപ്മെന്റും സ്ഥാപിക്കും. ഒപ്പം നടപ്പാതകൾ, ബഞ്ചുകൾ എന്നിവയും സ്ഥാപിക്കും. സി.സി ടിവി ക്യാമറകളും ഉണ്ടാകും. വൈറ്റില മൊബിലിറ്റി ഹബ് പൂർണമായും നവീകരിക്കുകയാണ് ലക്ഷ്യം. കുട്ടികളുമൊത്ത് ബസ് കാത്തിരിക്കുന്നവർക്ക് കുട്ടികളുടെ ഉല്ലാസത്തിനും വിശ്രമത്തിനും സഹായകമാകുമെന്ന് സി.എസ്.എം.എല്ലിന്റെ സിഇഒ ഷാജി വി നായർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]