സോൾ: ദക്ഷിണ കൊറിയയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ആക്ടിംഗ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹാൻ ഡക്ക്-സൂവിനെ പാർലമെന്റ് ഇന്നലെ ഇംപീച്ച് ചെയ്തു. ധനമന്ത്രി ചായ് സാങ്ങ്-മോക് പുതിയ ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു. പട്ടാള നിയമം പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച പ്രസിഡന്റ് യൂൻ സുക് യോൾ രണ്ടാഴ്ച മുമ്പാണ് ഇംപീച്ച്മെന്റിലൂടെ സസ്പെൻഡ് ചെയ്യപ്പെട്ടത്. സസ്പെൻഷനിലായ യൂനിന്റെയും ഡക്ക്-സൂവിന്റെയും ഭാവി ഭരണഘടനാ കോടതി തീരുമാനിക്കും. ഇരുവരെയും വിചാരണ ചെയ്യുന്ന കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അധികാരത്തിൽ നിന്ന് പുറത്താക്കും. മറിച്ചായാൽ ഇരുവരും പദവിയിൽ തിരിച്ചെത്തും.
വീണ്ടും ഭീതി
300 അംഗ പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കാണ് ഭൂരിപക്ഷം (170 സീറ്റ്). മറ്റ് അഞ്ച് പാർട്ടികളും ചേരുമ്പോൾ പ്രതിപക്ഷത്ത് 192 എം.പിമാരുണ്ട്. ഇവരെല്ലാം ഡക്ക്-സൂവിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. 108 സീറ്റുള്ള ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി വോട്ട് ബഹിഷ്കരിച്ചു.
പ്രതിപക്ഷ എം.പിമാരെ എതിർത്താൽ പുതിയ ആക്ടിംഗ് പ്രസിഡന്റ് ചായ് സാങ്ങ്-മോകിനും ഇംപീച്ച്മെന്റ് നേരിടേണ്ടി വന്നേക്കും. ഇതിനിടെ, ദക്ഷിണ കൊറിയൻ കറൻസിയായ വോണിന്റെ മൂല്യം ഇടിഞ്ഞ് 15 വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ആവശ്യം നിരസിച്ചു, പിന്നാലെ ഇംപീച്ച്മെന്റ്
ഭരണഘടനാ കോടതിയിൽ 9 ജസ്റ്റിസുമാരാണുള്ളത്. ഇതിൽ ഒഴിവുള്ള 3 സീറ്റ് ഉടൻ നികത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചതാണ് ഡക്ക്-സൂവിന്റെ ഇംപീച്ച്മെന്റിന് കാരണം
ഇംപീച്ച്മെന്റിന് വിധേയമായ പ്രസിഡന്റിനെ പുറത്താക്കാൻ കോടതിയിൽ 6 ജസ്റ്റിസുമാർ അനുകൂലിക്കണം
ഈ മാസം 3നാണ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു
14ന് യൂനിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ഇതോടെ പ്രധാനമന്ത്രി ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി
പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യൂനിന്റെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട ആദ്യ വാദം ഇന്നലെ ഭരണഘടനാ കോടതിയിൽ നടന്നു. 180 ദിവസത്തിനകം അന്തിമ തീരുമാനം. യൂനിനെ കോടതി പുറത്താക്കിയാൽ 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്