കൊല്ലം: ശാസ്താംകോട്ടയിൽ പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് മരിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ടയിൽ ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് ജോലിക്കായി എത്തിയ വിനോദും രാജുവും തമ്മിൽ താമസ സ്ഥലത്ത് വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ഇരുവരുടെയും വഴക്ക് സംഘർഷത്തിൽ കലാശിച്ചു. വാക്ക് തർക്കത്തിന് പിന്നാലെ കമ്പിവടി ഉപയോഗിച്ച് വിനോദിനെ രാജു തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ പെയിന്റിംഗ് സാമഗ്രികൾ കൊണ്ടുവന്നയാളുടെ മുന്നിൽ വച്ചായിരുന്നു സംഘർഷം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി. കൊല നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയിൽ വച്ച് പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]