അളവറ്റ ലാളിത്യവും തനി വിപരീതമായ സാമ്പത്തിക നയങ്ങളും. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ നിർവചിക്കാൻ ഏറ്റവും ചുരുക്കം വാക്കുകൾ ഉപയോഗിച്ചാൽ അങ്ങനെ മാത്രം പറഞ്ഞാൽ മതി. ജീവിതത്തിലും പെരുമാറ്റത്തിലും സ്വാഭാവികമായതായിരുന്നു അദ്ദേഹത്തിന് അനാർഭാടതയോടുള്ള പ്രതിപത്തി. സ്കോളർഷിപ്പ് ലഭിച്ചതിനാലാണ് തനിക്ക് ഉന്നത വിദ്യാഭ്യാസം സാദ്ധ്യമായതെന്ന് അദ്ദേഹം നേരിട്ടു പറഞ്ഞപ്പോഴാണ് ഞാൻ മനസിലാക്കിയത്. 2006- 11 കാലഘട്ടത്തിൽ കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ സർക്കാർ നടപ്പാക്കിയ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു അത്. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും ലാളിത്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന നിഷ്കർഷ കാണാനാവുമായിരുന്നു.
എന്നാൽ തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങൾ, ‘നവ ഉദാരവത്കരണം” എന്ന ന്യൂനോക്തിയിൽ 1991ലെ നരസിംഹറാവു സർക്കാർ നടപ്പിലാക്കിയപ്പോൾ, അതിന്റെ മുഖ്യ പരികർമ്മി മൻമോഹനായിരുന്നു. ഫലത്തിൽ അത് മുന്നിൽ നിന്ന് നയിച്ചത് മൻമോഹൻസിംഗ് എന്ന ധനകാര്യമന്ത്രിയായിരുന്നു എന്നത് പരസ്യമായ ഭരണ രഹസ്യമായിരുന്നു.
1996ലെ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ദേവഗൗഡ സർക്കാരിന്റെ ഏറ്റവും വലിയ ബാദ്ധ്യത 1991ലെ സർക്കാർ തുടക്കം കുറിച്ച അപകടകരമായ സാമ്പത്തിക നയങ്ങളായിരുന്നു. 1999ലെ വാജ്പേയ് സർക്കാരിലേക്കാണ് അത് നയിച്ചത്.
2004ലെ യു.പി.എ സർക്കാരിൽ പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻസിംഗ് ഗവൺമെന്റ് നടപ്പാക്കിയ പദ്ധതികൾ ശ്രദ്ധേയമാണ്. വിദ്യാഭ്യാസ അവകാശ നിയമം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങിയവ ഇടതുപക്ഷത്തിന്റെ അറുപതിൽപ്പരം അംഗങ്ങളുടെ പിന്തുണയെ ആശ്രയിച്ചും നിർദ്ദേശങ്ങളും ഭേദഗതികളും കൂടി പരിഗണിച്ചുമാണ് ഒന്നാം മൻമോഹൻ സിംഗ് ഗവൺമെന്റ് പ്രവർത്തിച്ചത്. അതിന്റെ പ്രാധാന്യം രാഷ്ട്രീയമായി മനസിലാക്കുന്നതിൽ കോൺഗ്രസും മൻമോഹൻസിംഗും കാട്ടിയ വീഴ്ചയാണ് പ്രശ്നമായത്. അതുകൊണ്ടാണ് അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി മനസിലാക്കാതെ സിവിലിയൻ ന്യൂക്ളിയർ കരാർ (1,2,3 എഗ്രിമെന്റ്) അംഗീകരിക്കാൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് വാക്കുകൊടുത്തത്. അതുവഴി ഇന്ത്യയ്ക്ക് എന്തു പ്രയോജനമുണ്ടായി എന്ന് ഇനിയെങ്കിലും ഒരു കണക്കെടുപ്പ് പ്രസക്തമാണ്.
രണ്ടാം മൻമോഹൻ സിംഗ് സർക്കാരിന്റെ കാലഘട്ടത്തിലെ വൻ കുംഭകോണങ്ങളും വിലക്കയറ്റവും അധികാരത്തിൽ തുടരാൻ (ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു ശേഷം) നടത്തിയ അഴിമതികളും ബി.ജെ.പിക്ക് സഹായകമായി. നരേന്ദ്രമോദി 2014ൽ അധികാരം പിടിച്ചത് അങ്ങനെയാണ്.
ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, വ്യക്തിപരമായി സത്യസന്ധനായ മൻമോഹൻ സിംഗ്, ഭരണസംവിധാനത്തിന്റെ ഭാഗമായി അഴിമതികൾക്കെതിരെ ശക്തമായി നീങ്ങാനാവാതെ, നിസഹായനായി നിന്ന കാഴ്ച നമുക്കു കാണാം. രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ച സാമ്പത്തിക നയങ്ങൾ, നരസിംഹറാവു സർക്കാരിലെ ധനമന്ത്രിയെന്ന നിലയിലും പിന്നീട് പ്രധാനമന്ത്രിയെന്ന നിലയിലും നേതൃത്വം നൽകി അത് നടപ്പാക്കി. അതുവഴി പല നിലയിലും തിരിച്ചറിയാനാവാത്ത വിധം ഇന്ത്യയെ മാറ്റിമറിച്ചതും ചരിത്രമാണ്. ഞങ്ങൾ രാജ്യസഭയിൽ 1991 മുതൽ 1998 വരെ ഒരുമിച്ചു പ്രവർത്തിച്ചു.
തമ്മിൽ കാണുമ്പോഴെല്ലാം ഊഷ്മളമായ പെരുമാറ്റവും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള താത്പര്യപൂർണമായ അന്വേഷണവുമായിരുന്നു അദ്ദേഹത്തിന്റെ പതിവുശൈലി. അടിമുടി മാന്യത, ലാളിത്യം, സത്യസന്ധത, നയങ്ങളുടെ കാര്യത്തിൽ വിയോജിക്കാനായിരുന്നു അധികവും സാഹചര്യം. അന്ത്യാഭിവാദനങ്ങൾ മാന്യസുഹൃത്തേ.