
തൃശൂർ: കൊടുങ്ങല്ലൂരിലെ സിപിഎം പ്രവർത്തകൻ കെയു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയാ സെക്രട്ടറി വേദി പങ്കിട്ടതിൽ വിവാദം. ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഎം ഏരിയാ സെക്രട്ടറി കെആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എആർ ശ്രീകുമാറും വേദി പങ്കിട്ടത്. ഇതാണ് വിവാദത്തിന് കാരണമായത്. വിഷയത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്. ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അണികൾക്കിടയിൽ അമർഷം രൂക്ഷമാവുന്നതിനിടെയാണ് കോടതി വെറുതെ വിട്ട പ്രതിയുമായി ഏരിയാസെക്രട്ടറിയുടെ വേദി പങ്കിടൽ ഉണ്ടായത്. ഇതിനെതിരെ പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനവുമായി എത്തിയിട്ടുണ്ട്.
കെ യു ബിജുവിനെ 2008 ജൂൺ 30നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, ഗിരീഷ്, സേവ്യർ, സുബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആർ. രവീന്ദ്രനായിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.
Last Updated Dec 27, 2023, 10:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]