കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൾ ആശ ലോറൻസ് വീണ്ടും ഹൈക്കോടതിയിൽ. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നല്കിയ സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ലോറൻസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്. മകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്ന് രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ മകന് എം.എല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്കരിക്കാനായി വിട്ടു നല്‍കണമെന്നാണ് മകളുടെ അപ്പീലില്‍ ആവശ്യം. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് അപ്പീൽ പരിഗണിക്കും.
നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. സെപ്റ്റംബർ 21 നായിരുന്നു എം.എം ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്, ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]